ശാരദ ചിട്ടിത്തട്ടിപ്പ്: അസം മുന്‍ മന്ത്രിയെ സി ബി ഐ ചോദ്യം ചെയ്തു

Posted on: November 25, 2014 4:47 am | Last updated: November 24, 2014 at 11:48 pm

ന്യൂഡല്‍ഹി: ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ശാരദ ചിട്ട് ഫണ്ട് കുംഭകോണ കേസില്‍ അസമിലെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഞ്ജന്‍ ദത്തയെ സി ബി ഐ ചോദ്യം ചെയ്തു. ദത്തയെ ചോദ്യം ചെയ്യാനായി സി ബി ഐ കൊല്‍ക്കത്തയിലെ സി ജി ഒ കോംപ്ലക്‌സിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അസമിലെ അംഗുരി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ദത്തയുടെ വസതിയില്‍ ആഗസ്റ്റ് 28ന് സി ബി ഐ പരിശോധന നടത്തിയിരുന്നു. ഗൊഗോയ് പക്ഷക്കാരനായ ദത്ത മന്ത്രിയെന്ന നിലയില്‍ നിരവധി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ശാരദ ഗ്രൂപ്പിന്റെ പ്രൊമോട്ടറായ സുധീപ്ത സെന്നുമായി ദത്തക്ക് ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. ശാരദ ഗ്രൂപ്പിന് വേണ്ടി പരസ്യപ്രധാനമായ ഒട്ടേറെ സൃഷ്ടികള്‍ അദ്ദേഹം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കുംഭകോണവുമായി ബന്ധമുള്ള പ്രശസ്ത അസമീസ് ഗായകനായ സദാനന്ദ ഗൊഗോയിയെ സി ബി ഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികള്‍ മുക്കിയ ശാരദ ഗ്രൂപ്പിനും കമ്പനി ഉദ്യോഗസ്ഥര്‍ക്കുമെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിട്ടിക്കമ്പനിക്കെതിരെ ഒഡീഷയില്‍ 44 എഫ് ഐ ആറുകള്‍ നിലവിലുണ്ട്. ചിട്ടിക്കമ്പനി കുംഭകോണം അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് സി ബി ഐയെ ഏല്‍പ്പിച്ചത്. അന്വേഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
ഈ ഇടപാടില്‍ സെബിക്കും, റിസര്‍വ് ബേങ്കിനുമുള്ള പങ്ക് അന്വേഷിക്കാന്‍ സി ബി ഐ ജോയിന്റ് ഡയറക്ടര്‍ രാജീവ് സിംഗിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.