Connect with us

Articles

ചൈനയുടെ അണക്കെട്ടും ഇന്ത്യയുടെ ആശങ്കയും

Published

|

Last Updated

ചൈനയുമായി സൗഹൃദം ശക്തമാക്കുന്നതിന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുമ്പോഴും അതിര്‍ത്തിയില്‍ ചൈനയുടെ വേലികെട്ടും സേനാവിന്യാസവും പുരോഗമിക്കുകയായിരുന്നു. വിജയകരമാണെന്ന് ചൈന തന്നെ വിശേഷിപ്പിച്ച ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ,് അതിര്‍ത്തിയില്‍ ചിന്‍പിംഗ് യുദ്ധത്തിന് സന്നദ്ധമാകാന്‍ സൈനികരെ ആഹ്വാനം ചെയ്തത്. ഇതിനാല്‍ തന്നെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു മേല്‍ അതിര്‍ത്തി പ്രശ്‌നം കരിനിഴല്‍ വീഴ്ത്തി. അതിര്‍ത്തിയില്‍ പലപ്പോഴും പ്രകോപനങ്ങളുണ്ടാക്കുകയും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്ന ബീജിംഗിന്റെ ശ്രമത്തെ സംയമന നയതന്ത്രത്തിലൂടെ ഇന്ത്യ നേരിടുന്നതിനാലാണ് സങ്കീര്‍ണതകളില്‍ കാര്യങ്ങള്‍ എത്താതിരിക്കുന്നത്. 1962ലെ യുദ്ധത്തിന് ശേഷം 17 വട്ടം ഉഭയ കക്ഷി ചര്‍ച്ച നടത്തിയിട്ടും ഇന്ത്യാ- ചൈനാ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായിട്ടില്ല.
ചുമാര്‍ മേഖലയില്‍ ചൈന റോഡ് നിര്‍മിക്കാന്‍ നടത്തിയ ശ്രമമാണ് ഏറ്റവുമവസാനം സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അഞ്ച് കിലോ മീറ്റര്‍ അതിക്രമിച്ചു കടന്ന് ചൈന റോഡ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചതാണ് പ്രകോപനത്തിന് കാരണം. അതിര്‍ത്തിയില്‍ കടന്നു കയറിയ ചൈനീസ് സൈനികര്‍ ഏഴ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നു. മാത്രമല്ല, ഇന്ത്യയുടെ പ്രദേശത്ത് റോഡ് നിര്‍മിക്കാനും ശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടായിരത്തോളം സൈനികരെ ഇന്ത്യക്കും ഈ മേഖലയില്‍ അധികമായി വിന്യസിക്കേണ്ടിവന്നു .ലഡാക്കിലെ ചുമാര്‍ മേഖലയില്‍ രണ്ടാഴ്ചയോളം നേര്‍ക്കുനേര്‍ നിന്ന ശേഷമാണ് ഇന്ത്യാ ചൈനാ സേനകള്‍ പിന്‍വലിഞ്ഞത്. ഉദ്വേഗം മുറ്റിനിന്ന ഈ സാഹചര്യം ന്യൂയോര്‍ക്കിലെ നയതന്ത്ര ചര്‍ച്ചയിലാണ് ഉരുകിത്തീര്‍ന്നത്. ഇന്ത്യ- ചൈന വിദേശ കാര്യ മന്ത്രിമാര്‍ തമ്മില്‍ ന്യൂയോര്‍ക്കില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് സേനാ പിന്മാറ്റം സംബന്ധിച്ച് ധാരണയായത്. അതിര്‍ത്തിയില്‍ ഇന്ത്യക്ക് ആശങ്കകളുയര്‍ത്തി ചൈനയുടെ അണക്കെട്ട് നിര്‍മാണം പുരോഗമിക്കുന്നതാണ് ഏറ്റവുമവസാനം ഇന്ത്യക്ക് പുതിയ വെല്ലുവിളിയുയര്‍ത്തുന്നത്.
ടിബറ്റിനോട് ചേര്‍ന്ന ഇന്ത്യയിലെയും ബംഗഌദേശിലെയും അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് കനത്തഭീഷണി ഉയര്‍ത്തി യാര്‍ലുങ് സാംഗ്‌പോ നദിക്ക് കുറുകെ ചൈനയുടെ അണക്കെട്ട് നിര്‍മ്മാണം പുരോഗമിക്കുന്ന വാര്‍ത്ത ചൈന തന്നെയാണ് പുറത്തു വിട്ടത്. ബ്രഹ്മപുത്ര നദി യാര്‍ലുംഗ് സാംഗ്‌പോ എന്ന പേരിലാണ് ടിബറ്റില്‍ അറിയപ്പെടുന്നത്. വൈദ്യുതോത്പാദനം ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ പ്രധാനപ്പെട്ട അണക്കെട്ടിന്റെ ഭാഗം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബീജിംഗ് വെളിപ്പെടുത്തിയിരിക്കയാണ്.
ഉയര്‍ന്ന പ്രദേശമായ ടിബറ്റില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും നേരിടേണ്ടിവരുമെന്ന അവസ്ഥ ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയുടെ ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ദശകങ്ങളായി എതിര്‍ത്തു വരികയാണ്. എന്നാല്‍, ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം അപകടകരമല്ലാത്ത, ചെറിയ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള അണക്കെട്ടുകളാണ് മേഖലയില്‍ നിര്‍മ്മിക്കുന്നതെന്ന് ചൈന അവകാശപ്പെടുകയാണ് പതിവ് . പ്രകോപനം ക്ഷണിച്ചുവരുത്തേണ്ടെന്ന് കരുതുന്നതിനാല്‍ ചൈനയുടെ ഈ വിശദീകരണം ഇന്ത്യ സ്വീകരിക്കുകയും ചെയ്തുപോന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ബൃഹത് പദ്ധതി ഭാഗികമായി പൂര്‍ത്തിയാക്കിയെന്ന് ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ ഞെട്ടിയത്. ഞെട്ടലും ഇന്ത്യയുടെ ഉത്കണ്ഠയും അസ്ഥാനത്തല്ലെന്നു തന്നെയാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ അഭിപ്രായവും .
പദ്ധതി പൂര്‍ത്തിയായാല്‍ ബ്രഹ്മപുത്രയുടെ ഇന്ത്യയില്‍ ഒഴുകുന്ന ഭാഗങ്ങളില്‍ നീരൊഴുക്ക് വന്‍തോതില്‍ കുറയും. അരുണാചല്‍പ്രദേശിനെയും മറ്റ് വടക്കുകിഴക്കന്‍ പ്രദേശങ്ങളെയുമാണ് ഇത് സാരമായി ബാധിക്കുക.
ടിബറ്റിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ഭാഗികമായി പൂര്‍ത്തിയാക്കിയെന്നറിയിച്ച ചൈനീസ് വൃത്തങ്ങള്‍ ആവശ്യത്തിലധികമുള്ള ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി ലഭ്യമാക്കുന്നതിലൂടെ ടിബറ്റിനെ വികസനത്തിന്റെ പാതയില്‍ എത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇത്തരത്തില്‍ അതിബൃഹത്തായ നാല് അണക്കെട്ടുകള്‍ കൂടി ബ്രഹ്മപുത്രയ്ക്ക് കുറുകേ നിര്‍മ്മിക്കാന്‍ ചൈന ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ചൈനയുടെ ശരാശരി വൈദ്യുതോപഭോഗത്തിന്റെ മൂന്നിലൊന്നുപോലും ആവശ്യമില്ലാത്ത ടിബറ്റില്‍ വന്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയുണ്ട്. ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ടിബറ്റിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് കൂടാതെ അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമുദ്ര നിരപ്പില്‍ നിന്ന് 3300 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിന്റെ ആദ്യഘട്ടം 150 കോടി യു.എസ് ഡോളര്‍ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വെളിപ്പെടുത്തിയത് കൂടാതെ ഇതിന്റെ ചിത്രവും ചൈന ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.അടുത്ത വര്‍ഷത്തിനുള്ളില്‍ ജലവൈദ്യുത പദ്ധതിയുടെ ബാക്കിയുള്ള അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ചൈനയെ ബഹുമുഖ കുതിപ്പിന് പ്രാപ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചിന്‍പിംഗ്. അതിര്‍ത്തി ഭീഷണികളൊഴിവാക്കാനും രാജ്യത്ത് വികസനക്കുതിപ്പുണ്ടാക്കാനും ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പദ്ധതികളോരോന്നും. ഡെംഗ് സിയാവോ പിംഗിന് ശേഷം കരുത്തനായ ചൈനീസ് നേതാവായാണ് ചിന്‍പിംഗ് അറിയപ്പെടുന്നത്. ഒരേസമയം രാഷ്ട്രത്തലവനും കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയും സൈനിക ഹൈക്കമാന്‍ഡുമാണ് അദ്ദേഹം. അധികാരമേറ്റതിന് തൊട്ടു പിന്നാലെ സൈനിക നേതൃത്വത്തില്‍ ഇളക്കി പ്രതിഷ്ഠ നടത്തിയും വികസന നയം പ്രഖ്യാപിച്ചും അദ്ദേഹം ലക്ഷ്യം വ്യക്തമാക്കിയിരുന്നു.

Latest