തീവ്രവാദം വളരുന്നത്

Posted on: November 25, 2014 5:34 am | Last updated: November 24, 2014 at 11:35 pm

തീവ്രവാദികളെ അമര്‍ച്ച ചെയ്യുകയായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാറിന്റെ മുഖ്യഅജന്‍ഡ. തീവ്രവാദ വിരുദ്ധ പോരാട്ടമാണ് അന്താരാഷ്ട്ര കൂടിക്കാഴ്ചകളിലെ രാഷ്ട്ര നായകരുടെ പ്രധാന ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടന വേളയില്‍ ബറാക് ഒബാമായുമയി നടന്ന കൂടിക്കാഴ്ചയിലും വിഷയം കടന്നു വരികയും തിവ്രവാദത്തിനെതിരെ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള ധാരണയിലെത്തുകയുമുണ്ടായി ഇന്ത്യന്‍ സൈന്യത്തിന്റെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളെ കഴിഞ്ഞ വര്‍ഷം അമേരിക്ക പ്രകീര്‍ത്തിക്കുകയും ദുഷ്‌കരമായ ഭൂമേഖലകളില്‍ നമ്മുടെ സൈന്യത്തിന്റ വിജയകരമായ തീവ്രവാദ വിരുദ്ധ സൈനിക നീക്കങ്ങള്‍ കണ്ടുപഠിക്കാന്‍ യു എസ് സൈനിക മേധാവി റെ ഒഡീര്‍നോ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ സര്‍ക്കാറിന്റെ ഈ ദിശയിലുള്ള പ്രവര്‍ത്തനം പരാജയമാണെന്നാണ് ആഗോള തീവ്രവാദ സൂചകം (ഗ്ലോബല്‍ ടെററിസം ഇന്‍സ്റ്റിറ്റിയൂട്ട്) തയാറാക്കിയ പഠന റിപ്പോര്‍ട്ട് കാണിക്കുന്നത്. 2012-13 വര്‍ഷത്തെ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 70 ശതമാനം വര്‍ധനയുണ്ടായെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 2012ല്‍ 238 പേരാണ് തീവ്രവാദ ആക്രമണങ്ങളില്‍ മരിച്ചതെങ്കില്‍ 2013 ല്‍ മരണ സംഖ്യ 403 ആയി ഉയര്‍ന്നു. 2000 മുതല്‍ നടന്ന തീവ്രവാദ ആക്രമണങ്ങള്‍, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 162 രാജ്യങ്ങളെ പഠന വിധേയമാക്കിയപ്പോള്‍ ഇന്ത്യ ആറാം സ്ഥാനത്താണെന്നും കണ്ടെത്തി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റ് ഗ്രൂപ്പാണെന്നും പഠനം കാണിക്കുന്നു.
സദാ പ്രക്ഷുബ്ധമാണ് കാശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും. മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലാണ് വടക്കുകിഴക്കന്‍ മേഖലയുടെ നല്ലൊരു ഭാഗവും. ജനാധിപത്യം പോയിട്ട് ഭരണകൂടം പോലും ഇല്ല അവിടങ്ങളിലൊന്നും. 2005- 2013 കാലഘട്ടത്തില്‍ പൊലീസ,് സൈനിക വിഭാഗങ്ങളിലെ 1581 പേരടക്കം 6107 പേര്‍ മാവോ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും നിഷ്പ്രഭമാക്കി തീവ്രവാദം ശക്തി പ്രാപിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്. തീവ്രവാദത്തെ തോക്കിന്‍കുഴലിലൂടെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് വിപരീത ഫലമേ ഉളവാക്കുകയുള്ളുവെന്നും രാഷ്ട്രീയ പരിഹാരമാണ് ഏറ്റവും ഫലപ്രദമെന്നുമാണ്. ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നു വന്ന നിര്‍ദേശം. മാവോയിസ്റ്റുകളുടെ ഉന്‍മൂലന രാഷ്ട്രീയത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതോടൊപ്പം വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ അസംതൃപ്തരായ ഗ്രാമീണരുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് അവരുടെ വിശ്വാസമാര്‍ജിക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. ദാരിദ്ര്യവും ജീവിത പ്രാരാബ്ധങ്ങളും അജ്ഞതയുമാണ് മാവോയിസത്തിലേക്ക് ഗ്രാമീണ ജനത വഴുതിപ്പോകാന്‍ കാരണം. ഈ അടിസ്ഥാന പ്രശ്‌നത്തിനുള്ള പരിഹാരമാണ് പ്രഥമമായി വേണ്ടത്. സ്വാതന്ത്ര്യാനന്തരം രാജ്യം ഏഴ് പതിറ്റാണ്ടോളം കടന്നു പോയിട്ടും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പാക്കുന്നതിന് പകരം, അമിതാധികാരങ്ങള്‍ നല്‍കി സൈന്യത്തെ അവര്‍ക്കെതിരെ കയറൂരി വിടുകയും ടാഡ,പോട്ട പോലുള്ള കരിനിയമങ്ങള്‍ ആവിഷ്‌കരിച്ചു നിരപരാധികളെ പോലും വേട്ടയാടുകയുമാണ് സര്‍ക്കാര്‍. കുഴപ്പക്കാരായ മാവോയിസ്റ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനു പകരം കാടടച്ച് വെടിവെക്കുകയും ഗ്രാമങ്ങളാകെ അരിച്ചുപെറുക്കി ആക്രമിക്കുകയുമായിരുന്നു സൈന്യം. വ്യാജ ഏറ്റുമുട്ടലിലൂടെയും സൈന്യവും പോലീസും നിരപരാധികളെ കൊന്നൊടുക്കുന്നു. ഇന്ത്യയില്‍ നടന്ന പല ഏറ്റുമുട്ടല്‍ നാടകങ്ങളുടെയും പൊള്ളത്തരങ്ങള്‍ ഈയിടെ കോടതികള്‍ വെളിച്ചത്തു കൊണ്ടുവന്നതാണ്. സൈന്യത്തിന്റെ അമിതാധികാരങ്ങള്‍ എടുത്തു കളയണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണകൂട ഭീകരത തുടരുക തന്നെയാണ് രാജ്യത്ത്.
കശ്മീരിരിലെ സ്ഥിതിയും ഭിന്നമല്ല. അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദികളെ നേരിടാനെന്ന പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് സൈന്യം അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കാശ്മീരിലെ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ സൈന്യം ഒട്ടനവധി സ്ത്രീകളുടെ ചാരിത്ര്യവും മാനവും പിച്ചിച്ചീന്തി. സര്‍ക്കാര്‍ ഇടയ്ക്കിടെ പാക്കേജുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും കാശ്മീരികളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ഇന്നും ഭരണകൂടങ്ങള്‍ക്കായിട്ടില്ല. നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാത്ത കാലത്തോളം ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ നിഷ്ഫലമാണ്. മാവോയിസമായാലും മറ്റു തീവ്രവാദ പ്രസ്ഥാനങ്ങളായാലും ജനാധിപത്യ ഇന്ത്യയുടെ ഭദ്രതക്കും നിലനില്‍പ്പിനും ഭീഷണിയായതിനാല്‍ അവയെ രാഷ്ട്രീയപരമായി നേരിടാനുള്ള വഴികളാണ് കൈക്കൊള്ളേണ്ടത്. ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുന്ന നയപരമായ നീക്കങ്ങളാണ് ഈ രംഗത്ത് ഫലപ്രദം.