2020ഓടെ പാകിസ്ഥാന് 200 ആണവ ആയുധങ്ങളുണ്ടാകും: യു എസ് വിദഗ്ധര്‍

Posted on: November 25, 2014 4:44 am | Last updated: November 24, 2014 at 10:45 pm

വാഷിംഗ്ടണ്‍: ലോകത്ത് ആണവായുധ നിര്‍മാണത്തില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍, 2020 ആകുമ്പോഴേക്ക് 200 ആണവായുധങ്ങള്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ ഗവേഷണ വിഭാഗമായ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍.
ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ ആണവ ശേഖരമുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍ അതിന്റെ വിപുലീകരണം ദ്രുതഗതിയിലാണ് നടക്കുന്നത്. ഈ ആണവ ശേഖരത്തെ ആണവായുധ മേഖലയിലേക്ക് ഉപയോഗിക്കുകയാണെങ്കില്‍ പാക്കിസ്ഥാന് 200 ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. രാജ്യത്തിനകത്തു നിന്നും അതിര്‍ത്തിയില്‍ നിന്നുമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് ഏഷ്യന്‍ രാജ്യങ്ങള്‍ വളരെ തന്ത്രപരമായ അടിത്തറയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആണവായുധ നിര്‍മാണ ശാലകളും നിരവധി കെട്ടിപ്പടുക്കുന്നുണ്ട്. നാവിക സേനക്കും വ്യോമസേനക്കും ആവശ്യമായ വിവിധ തരം മിസൈലുകള്‍ നിര്‍മിക്കുന്ന പത്തിലധികം ആണവ കേന്ദങ്ങള്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ റിലേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ പോലുള്ള അതിര്‍ത്തി രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും തങ്ങളുടെ ശക്തി അറിയിക്കുന്നതിനും പാക്കിസ്ഥാന്‍ മുമ്പ് അണവായുധങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യക്കെതിരായ ശക്തിയായി നിലനില്‍ക്കുകയാണ് പാക്കിസ്ഥാന്‍ ലക്ഷ്യമാക്കുന്നതെന്ന് കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ റിലേഷന്‍ പറഞ്ഞു.