തന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വിശദീകരണം തേടി യശോദ ബെന്‍

Posted on: November 24, 2014 10:17 pm | Last updated: November 24, 2014 at 10:17 pm

yashoda benഅഹമ്മദാബാദ്: തന്റെ സുരക്ഷാ സംവിധാനങ്ങളുടെ വിശദാംശങ്ങളാരാഞ്ഞ് പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്‍ പോലീസിനെ സമീപിച്ചു. മെഹ്‌സാന പോലീസ് എസ് പിക്കാണ് യശോദ ബെന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്. പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയില്‍ തനിക്കുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ചാണ് യശോദ ബെന്‍ വിവരങ്ങള്‍ തേടിയതെന്ന് എസ് പി മൊതാലിയ പറഞ്ഞു.

തന്റെ സഹോദരന്റെ കൂടെയാണ് യശോദ ബെന്‍ ഇപ്പോള്‍ താമസിക്കുന്നത്. മോദി പ്രധാനമന്ത്രിയായതിന് ശേഷം മെഹ്‌സാന പോലീസ് അവര്‍ക്ക് സുരക്ഷയൊരുക്കിയിരുന്നു. സായുധ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 10 പോലീസുകാര്‍ രണ്ട് ഷിഫ്റ്റുകളായാണ് അവര്‍ക്ക് സുരക്ഷയൊരുക്കുന്നത്.

സുരക്ഷ നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി അടക്കമുള്ള സുപ്രധാന രേഖകളാണ് യശോദ ബെന്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രിയുടെ ഭാര്യക്കുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും യശോദ ബെന്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.