അട്ടപ്പാടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും

Posted on: November 24, 2014 11:11 am | Last updated: November 24, 2014 at 11:11 am

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പട്ടികവര്‍ഗ വകുപ്പു മന്ത്രി ജുവല്‍ ഒറാം ബിജെപി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പാലക്കാട് ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാറും ഇതുസംബന്ധിച്ച് നല്‍കിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ പധതികള്‍ക്കെതിരെ പരാതിയും ആരോപണങ്ങളുമുയര്‍ന്ന സാഹചര്യത്തില്‍ അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് തയ്യാറാകുമെന്നും താമസിയാതെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
അട്ടപ്പാടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടിയില്‍ ആദിവാസികളുടെ പേരില്‍ ഇതുവരെ ചെലവഴിച്ച കേന്ദ്ര-സംസ്ഥാന ഫണ്ടുകളെ കുറിച്ച് ധവളപത്രമിറക്കാന്‍ ശംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ഫണ്ട് വിനിയോഗം സംബന്ധിച്ച് ബിജെപി സോഷ്യല്‍ ഓഡിറ്റ് നടത്താനും ഈ വിഷയത്തില്‍ പാലക്കാട്ടു വെച്ച് ഒരു ഓപ്പണ്‍ ഫോറം സംഘടിപ്പിക്കാനും ബിജെപി ക്ക് പദ്ധതിയുണ്ട്.