Connect with us

Malappuram

മണല്‍ വാഹനങ്ങള്‍ കോളജ് പരിസരത്തേക്ക് മാറ്റാനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു

Published

|

Last Updated

പെരിന്തല്‍മണ്ണ: മണല്‍കടത്തുമായി ബന്ധപ്പെട്ട് കോടതി പരിസരത്തും സ്റ്റേഷന്‍ പരിസരത്തും പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പെരിന്തല്‍മണ്ണ പി ടി എം ഗവ.കോളജ് കോമ്പൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം വിദ്യാര്‍ഥികളും നാട്ടുകാരും ഇടപെട്ട് തടഞ്ഞു.
ഇന്നലെ രാവിലെയാണ് സംഭവം. കോളജിന് നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിയേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കാനായി അടുത്ത മാര്‍ച്ച് 18ന് തീരുമാനമെടുക്കാനിരിക്കെയാണ് കോളജ് വളപ്പിലേക്ക് ഇത്തരം വാഹനങ്ങള്‍ മാറ്റാനുള്ള ശ്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പുറമെ കലാലയ വളവപ്പ് ശുചീകരണത്തിനായി സ്വച്ച് ഭാരത് പദ്ധതിയില്‍ കോളജിനെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടങ്ങാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ നിര്‍ദേശം വന്നതിന് പുറകെയാണ് കോളജ് അധികൃതര്‍, വിദ്യാര്‍ഥികള്‍ ഇല്ലാത്ത തക്കം നോക്കി ഞായറാഴ്ചയില്‍ ഇത്തരം പിടികൂടിയ വാഹനങ്ങള്‍ കോളജിലേക്ക് കടത്താന്‍ ശ്രമിച്ചത്. പാതായ്ക്കരയിലുള്ള പ്രസ്തുത കോളജിന് 25 ഏക്കറോളം വരുന്ന സ്ഥലം ഏതാനും പേരില്‍ നിന്ന് സൗജന്യ വിലക്കാണ് ലഭിച്ചത്. എന്നാല്‍ ഈ വ്യക്തികള്‍ സ്ഥലം നല്‍കുമ്പോള്‍ ചില വ്യവസ്ഥകള്‍ ഉണ്ടായിരുന്നതായും വ്യവസ്ഥ മറി കടന്നുകൊണ്ടാണ് അധികൃത ഭാഗത്ത് നിന്നും ഈ നീക്കം നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാത്രവുമല്ല കലാലയം മലിനീകരണ പ്രദേശമായി മാറുമെന്നും വിദ്യാര്‍ഥികളും നാട്ടുകാരും നേരത്തെ തന്നെ പറയുന്നുണ്ട്.
കോളജ് വളപ്പിലേക്ക് വേസ്റ്റായി കിടക്കുന്ന പോലീസ് തൊണ്ടി വാഹനങ്ങള്‍ മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അതേ സമയം നിര്‍മാണത്തിലിരിക്കുന്ന കോടതി സമുച്ചയത്തിന് സമീപമുള്ള തൊണ്ടിവാഹനങ്ങള്‍ മാറ്റാനുള്ള തീരുമാനം നേരത്തെ ആര്‍ ഡി ഒ, തഹസില്‍ദാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എടുത്തിരുന്നു. ഇത് താത്കാലികമായി മാത്രമേ തൊണ്ടിവാഹനങ്ങള്‍ കോളജ് കോമ്പൗണ്ടില്‍ നിക്ഷേപിക്കൂ എന്നും തീരുമാനിച്ചിരുന്നു. ഇതിനെതിരെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സബ് കലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ഇന്നലെ പോലീസ് സന്നാഹത്തോടെയായിരുന്നു വാഹനങ്ങള്‍ മാറ്റാന്‍ ശ്രമം നടന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും വിദ്യാര്‍ഥികളും തടയുകയായിരുന്നു. സി ഐ. കെ എം ബിജു, എസ് ഐ ഗിരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് എത്തിയിരുന്നത്. നാട്ടുകാരും കോളജ് അധികൃതരുമായും വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമേ ഇനി അനന്തര നടപടിയുണ്ടാകൂ എന്നുള്ള ഉറപ്പോടെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. വാഹനങ്ങള്‍ കൊണ്ട് പോയിടാന്‍ പോലീസ് നിര്‍ദേശിച്ച സ്ഥലം ഇടപെടലുകളില്ലാത്ത പ്രകൃതി വനമുള്ള സ്ഥലമെന്ന് നാക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.