മരണത്തിലും വേര്‍പിരിയാത്ത കൂട്ടുകാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

Posted on: November 24, 2014 9:58 am | Last updated: November 24, 2014 at 9:58 am

കൊടുവള്ളി: മരണത്തിലും വേര്‍പിരിയാത്ത കൂട്ടുകാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച കൊടുവള്ളിക്കടുത്ത് പൂനൂര്‍ പുഴയില്‍ ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താതരം വിദ്യാര്‍ഥികളായ താഴെ പടനിലം സ്വദേശി ഷിയാസ്, വയനാട് കമ്പളക്കാട് സ്വദേശി ബിലാല്‍ അബ്ദുല്ലത്വീഫ്, നരിക്കുനി സ്വദേശി അന്‍സില്‍ എന്നിവരാണ് മുങ്ങിമരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെ ദയാപുരം സ്‌കൂള്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൂന്ന് പേരുടെയും മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തി.
ശനിയാഴ്ച ക്യാമ്പിന് ശേഷം തങ്ങളോട് കളിതമാശകള്‍ പറഞ്ഞുപോയ കൂട്ടുകാരുടെ ചേതനയറ്റ ശരീരം കണ്ട സഹപാഠികളില്‍ പലരും സങ്കടം സഹിക്കാന്‍ കഴിയാതെ വിതുമ്പുന്നത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും വിദ്യാര്‍ഥികളുടെ അപ്രതീക്ഷിത മരണത്തില്‍ നിന്നുണ്ടായ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. ദയാപുരം സ്‌കൂളില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അപകടത്തില്‍ മരിച്ച ബിലാലിന്റെ പിതാവ് ഡോ. അബ്ദുല്ലത്വീഫാണ് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് മൂവ്വരുടേയും മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. മൂവരുടെയും വീടുകളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ബിലാലിന്റെ മൃതദേഹം കമ്പളക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും ഷിയാസിന്റെ മൃതദേഹം പടനിലം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും അന്‍സിലിന്റെ മൃതദേഹം അത്തിക്കോട്ട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.