Kerala
കേരളോത്സവ വിജയികള്‍ക്ക് പി എസ് സി പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ആലോചന: മന്ത്രി തിരുവഞ്ചൂര്‍

കോട്ടയം: നാട്ടിന്‍പുറത്തെ കലാ-കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങളില്‍ ഉന്നതവിജയം നേടുന്നവര്‍ക്ക് പി എസ് സി പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം ആലോചിക്കുന്നതായി വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം റ്റി സെമിനാരി സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍-സര്‍വകലാശാലാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതെപോയ യുവജനങ്ങള്‍ക്ക് കലാ-കായിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരമായി കേരളോത്സവത്തെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി സന്തോഷ് കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കടുത്തു.