കേന്ദ്രത്തിന്റെ ഭാഷാ മുന്‍ഗണന

Posted on: November 24, 2014 5:04 am | Last updated: November 23, 2014 at 10:21 pm

രാജ്യത്തിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും മേല്‍ ഗുരുതരമായ കടന്നു കയറ്റങ്ങള്‍ പുതിയ കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ നിത്യ സംഭവമായി മാറുകയാണ്. സ്ഥാപിത താത്പര്യങ്ങളും പ്രത്യയ ശാസ്ത്ര മുഷ്‌കുകളും അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ നിരന്തരം ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍. ബി ജെ പിക്ക് മേല്‍ക്കൈയുള്ള സര്‍ക്കാറുകളെല്ലാം ഇത്തരം അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇത്രയും പ്രത്യക്ഷവും പ്രഖ്യാപിതവുമായി അട്ടിമറികള്‍ നടത്തുന്നത് ഈ സര്‍ക്കാറാണ്. ആര്‍ എസ് എസിന് ഈ സര്‍ക്കാറിലുള്ള സ്വാധീനം തന്നെയാണ് ഇതിന്റെ അടിസ്ഥാന ഹേതു. അധികാരം ലഭിച്ചാല്‍ നടപ്പില്‍ വരുത്തേണ്ട സാസ്‌കാരികവും ചരിത്രപരവും ഭാഷാപരവുമായ അജന്‍ഡകള്‍ നേരത്തേ തയ്യാറാക്കി വെച്ചിരുന്നുവെന്ന് വേണം കരുതാന്‍. ചരിത്രപുരുഷന്‍മാരെ വ്യാഖ്യാനിച്ച് തങ്ങളുടെ പക്ഷത്ത് ചേര്‍ക്കുന്നത് തൊട്ട് വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ വരെ ഇതിന്റെ പ്രതിഫലനമാണ്. ചരിത്ര രേഖകള്‍ നശിപ്പിക്കുന്നു, ചരിത്രത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു, കുട്ടികള്‍ എന്ത് പഠിക്കണമെന്ന് തികച്ചും ഏകപക്ഷീയമായി തീരുമാനിക്കുന്നു, രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളെ മുഴുവന്‍ ഒരു പ്രത്യേക കേന്ദ്രത്തിന് ചുറ്റും കറങ്ങാന്‍ നിര്‍ബന്ധിക്കുന്നു, സംസ്ഥാനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിന്റെ കടക്കല്‍ കത്തിവെക്കുന്നു, ചില ഭാഷകള്‍ അടിച്ചേല്‍പ്പിക്കുന്നു; മറ്റുള്ളവയെ തഴയുന്നു, വിദ്യാഭ്യാസ , സാംസ്‌കാരിക സമിതികളുടെ മതേതര സ്വഭാവം തകര്‍ക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്നു. ഈ ദുരവസ്ഥകള്‍ക്കിടയിലും ഇതിനെതിരെയുള്ള പ്രതിരോധം ശിഥിലവും ദുര്‍ബലവും ആകുന്നുവെന്നതാണ് ഏറ്റവും ദയനീയം.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ മൂന്നാം ഭാഷയായി സംസ്‌കൃതത്തിന് പകരം ജര്‍മന്‍ തിരഞ്ഞെടുക്കാനുള്ള അവസരം റദ്ദാക്കാനുള്ള തീരുമാനം ഈ ഇനത്തില്‍ ഏറ്റവും ഒടുവിലത്തേതാണ്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ മൂന്നാം ഭാഷ സംസ്‌കൃതമാണ്. എന്നാല്‍ ആവശ്യമെങ്കില്‍ സംസ്‌കൃതത്തിന് പകരം ജര്‍മന്‍ തിരഞ്ഞെടുക്കാം. ഈ സാധ്യതയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. സംസ്‌കൃതം പഠിച്ചേ തീരൂ എന്ന ശാഠ്യം തന്നെ. ഇതിനെതിരെ ഒരു പറ്റം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പൊതു താത്പര്യ ഹരജിയുമായി സുപ്രീം കോടതിയില്‍ ചെന്നിരിക്കുകയാണ്. ഹരജിയില്‍ കഴിമ്പുണ്ടെന്ന് കണ്ട് പരമോന്നത കോടതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു കഴിഞ്ഞു. ഭാഷ തിരഞ്ഞെടുക്കുന്നതിനായി ഇക്കാലം വരെ അനുവദിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യം ഒറ്റയടിക്ക് അവസാനിപ്പിക്കുന്നതിലെ അന്യായമാണ് രക്ഷിതാക്കള്‍ ഹരജിയില്‍ ഉയര്‍ത്തുന്നത്. മാത്രമല്ല, അധ്യയന വര്‍ഷത്തിന്റെ പകുതിക്ക് വെച്ച് ഇത്തരമൊരു നയംമാറ്റത്തിന്റെ സാംഗത്യവും അവര്‍ ചോദ്യം ചെയ്യുന്നു. ഇത് ഭാഷാ സ്‌നേഹമല്ല, ഭാഷാ തീവ്രവാദമാണെന്ന് ഹരജിക്കാര്‍ വാദിച്ചു. രാജ്യത്താകെ സര്‍ക്കാറുദ്യോഗസ്ഥര്‍ വിനിമയ ഭാഷയായി ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നായിരുന്നു വലിയ പ്രതിഷേധമുയര്‍ന്നിരുന്നത്. ആ വൈകാരിക പ്രതികരണങ്ങളെ ഭാഷാ തീവ്രവാദമെന്ന് വിളിച്ചവരാണ് കേന്ദ്ര സര്‍ക്കാറിലെ ഉന്നതര്‍. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതോ? അതല്ലേ യഥാര്‍ഥ ഭാഷാ ഫാസിസം?
ഒരു ഭാഷയും അധമമോ ഉത്കൃഷ്ടമോ അല്ല. ഏത് ഭാഷ പഠിക്കണമെന്നത് പഠിതാവിന്റെ തിരഞ്ഞെടുപ്പാണ്. അധിക പഠനമാകുമ്പോള്‍ പ്രത്യേകിച്ചും. അങ്ങനെ സ്വാഭാവികമായി തിരഞ്ഞെടുത്ത് പഠിക്കുമ്പോഴാണ് അത് അര്‍ഥവത്താകുന്നത്. മൂന്നാം ഭാഷയായി ജര്‍മന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുമ്പോള്‍ ഉപയോഗിക്കുന്ന തത്വമതാണ്. അതിനര്‍ഥം സംസ്‌കൃതം പഠിക്കേണ്ട എന്നല്ല. അടിച്ചേല്‍പ്പിക്കലാണ് അപകടം. മനുഷ്യാവകാശ ലംഘനം. ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നതിനെതിരെ സംസ്‌കൃത ശിക്ഷക് സംഘ് ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടാണത്രേ സര്‍ക്കാര്‍ ഈ ഓപ്ഷന്‍ റദ്ദാക്കിയത്. കോടതിയുടെ തീരുമാനം വരും വരെ സര്‍ക്കാറിന് കാത്തിരിക്കാമായിരുന്നു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി യുക്തമായ തീരുമാനത്തില്‍ എത്താമായിരുന്നു.
സി ബി എസ് ഇ സ്‌കൂളുകളില്‍ പന്ത്രണ്ടാം ക്ലാസുവരെ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കണമെന്നാണ് ആര്‍ എസ് എസ് അനുകൂല സംഘടനയായ സംസ്‌കൃത് ഭാരതി ആവശ്യപ്പെട്ടിരുക്കുന്നത്. മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി തത്കാലം ഇത് നിഷേധിച്ചിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് ഭാരതി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഗുരുതരമായ വിഷയമാണ് അത്. സംസ്‌കൃതം പഠിക്കേണ്ടെന്ന് ആരും പറയുന്നില്ല. താത്പര്യമുളളവര്‍ അത് പഠിക്കട്ടേ. മൂന്നാം ഭാഷ പോലുള്ള സംവിധാനം ഉപയോഗിച്ച് തദ്ദേശീയമോ പുറത്തുള്ളതോ ആയ മറ്റു ഭാഷകള്‍ പഠിക്കുന്നവരും ഉണ്ടാകട്ടേ.
ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു രാജ്യത്ത് ഈ വിശാലതയാണ് അനിവാര്യം. മോദിവത്കതരണം, കാവി വത്കരണം എന്നൊക്കെ വിളിക്കപ്പെടുന്ന കടന്നു കയറ്റങ്ങള്‍ രാജ്യത്തിന്റെ സമാധാനപൂര്‍ണമായ സഹവര്‍തിത്വത്തിന് വലിയ പ്രഹരമേല്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം. ഏതായാലും ജര്‍മന്‍ ഭാഷാ വിഷയത്തില്‍ സുപ്രീം കോടതിയുടെ തീര്‍പ്പ് നിര്‍ണായകമായിരിക്കും. മതേരതരത്വവും ജനാധിപത്യവും മരിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ മുഴുവന്‍ ഈ വിധിക്കായി കാത്തിരിക്കുകയാണ്.