Connect with us

Kasargod

'വിഭിന്ന ശേഷിയുളളവരുടെ വികസനം പൊതുസമൂഹത്തിന്റെ കടമ'

Published

|

Last Updated

കാസര്‍കോട്: സമൂഹത്തില്‍ പത്തു ശതമാനം ആളുകള്‍ വൈകല്യമുളളവരാണ്. ഇവരെ കൈപ്പിടിച്ചുയര്‍ത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ബാക്കി വരുന്ന തൊണ്ണൂറ് ശതമാനത്തിന്റേ കടമയാണ്. ഈ ഉത്തരവാദിത്തം ഭരണകൂടത്തിന്റേതു മാത്രമല്ല. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിഭിന്നശേഷിയുളളവരുടെ വികസനവും അതുവഴി സമൂഹത്തിന്റെ ആകമാനം പുരോഗതിയും സാധ്യമാവുകയുളളൂവെന്ന് ജില്ലാ സബ് കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.
സാമൂഹ്യ നീതി ദിനാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാമൂഹ്യ നീതി, പരിസ്ഥിതി പുനരധിവാസം, പരിചരണം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കുടുംബത്തില്‍ ഒരു ദുരന്തം സംഭവിക്കുമ്പോള്‍ മാത്രമാണ് മലയാളി സമൂഹം അതിനേക്കുറിച്ച് ബോധവാനാകുന്നത്. മനോഭാവമാണ് ആദ്യം മാറേണ്ടത്. വിഭിന്ന ശേഷിയുളളവരെ സമൂഹത്തിന്റെ ഭാഗമായി കണക്കാക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനും ഇവരുടെ കഴിവുകള്‍ക്കനുസരിച്ച് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുക എന്നതും പൊതുസമൂഹത്തിന്റെ കടമയാണ്. സെമിനാര്‍ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസാ ബി ചെര്‍ക്കള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ എം ഡി ഡോ. റോഷന്‍ ബിജിലി, കേരള സാമൂഹ്യക്ഷേമ സുരക്ഷാ മിഷന്‍ എം ഡി. ടി പി അഷ്‌റഫ്, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest