സംഘാടനത്തിന്റെ കരുത്ത് തെളിയിച്ച് സാമൂഹ്യനീതി മേള

Posted on: November 24, 2014 5:23 am | Last updated: November 23, 2014 at 9:23 pm

കാസര്‍കോട്: സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഭാഗമായി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മേള സംഘാടനമികവിലൂടെ ശ്രദ്ധേയമായി. മേളയുടെ വിജയം ഉറപ്പാക്കാനായി പ്രോഗ്രാം, പബ്ലിസിറ്റി, മീഡിയ, കള്‍ച്ചറല്‍, ഭക്ഷണം, ഹെല്‍ത്ത ് ആന്റ് വെല്‍ഫെയര്‍ എന്നിങ്ങനെ 20-ഓളം കമ്മിറ്റികളാണ് രൂപവത്കരിച്ചത്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയില്‍ എം പി, ജില്ലയിലെ മറ്റ് എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സജീവ പങ്കാളികളായി.
സംഘാടകസമിതിയുടെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ മാസങ്ങള്‍ക്കു മുമ്പേ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സെപ്തംബര്‍ 26 ന് ചേര്‍ന്ന യോഗത്തില്‍ സബ്കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ഓരോ കമ്മിറ്റിയിലും 20 ഓളം പേരെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
സാമൂഹ്യനീതി വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും നാലുദിവസമായി മുഴുവന്‍ സമയം പരിപാടിയുടെ വിജയത്തിനായി നീക്കിവെച്ചിരുന്നു. 12 ഐ സി ഡി എസുകളില്‍ നിന്നായി 1000 ത്തോളം അങ്കണ്‍വാടി ജീവനക്കാരും ഹെല്‍പ്പേഴ്‌സും മേളയില്‍ പങ്കെടുത്തിരുന്നു.