ജി സി സിയിലെ വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടണം: മനുഷ്യാവകാശ സംഘടനകള്‍

Posted on: November 23, 2014 11:52 pm | Last updated: November 23, 2014 at 11:52 pm

dubai constructionമസ്‌കത്ത്: ജി സി സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യവാകാശ, തൊഴിലാളി സംഘടനകള്‍. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന ഗള്‍ഫ് ഏഷ്യന്‍ തൊഴില്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഈ വിഷയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ജി സി സിയിലെ തൊഴിലാളികളുടെ നിയമ സംരക്ഷണം ഉറപ്പുവരുത്താന്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. അന്തരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന 90 സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ജി സി സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍പ്പെട്ട തൊഴിലാളികളില്‍ വ്യാപകമായ രീതിയില്‍ പീഡനങ്ങള്‍ നേരിട്ടുക്കൊണ്ടിരിക്കുകയാണ്. വേതനം ഇല്ലായ്മ, പാസ്‌പോര്‍ട്ടടക്കമുള്ള രേഖകള്‍ പിടിച്ചുവെക്കല്‍, ശാരീരിക ഉപദ്രവം, നിര്‍ബന്ധിത തൊഴില്‍ തുടങ്ങിയ നിരവധി പീഡനങ്ങള്‍ വിദേശി തൊഴിലാളികള്‍ ഏറ്റുവാങ്ങുന്നുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ പ്രാപ്തമായ നിയമ വ്യവസ്ഥകള്‍ ആറ് രാജ്യങ്ങളിലും സൃഷ്ടിക്കപ്പെടണമെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ മിഡിലീസ്റ്റ് പ്രവര്‍ത്തക റൊത്താന ബീഗം വ്യക്തമാക്കി.
ഇങ്ങനെ ആക്രമണങ്ങള്‍ക്കിരയാകുന്ന തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ മൂടിവെക്കപ്പെടുകയാണെന്നും നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ അസ്വാഭാവിക മരണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏറെ വിമര്‍ശനത്തിനിടയായ ജി സി സി രാജ്യങ്ങളിലെ ‘ഖഫാല വിസ സ്‌പോണ്‍സര്‍ഷിപ്പ്’ സംവിധാനം അടിയന്തരമായി പരിഷ്‌കരിക്കണം. വീട്ടുജോലിക്കായി എത്തുന്ന തൊഴിലാളികളും വ്യാപകമായ തോതില്‍ പീഡനത്തിനിരയാകുന്നുണ്ട്. അതത് രാജ്യങ്ങളിലെ സര്‍ക്കാറേതര മനുഷ്യാവകാശ കൂട്ടായ്മകളുമായും തൊഴിലാളി യൂനിയനുകളുമായും ചര്‍ച്ച നടത്തി വിദേശികളായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അവര്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ നിര്‍ണായക നിയമ പരിഷ്‌കരണം നടത്തണമെന്നും മനുഷ്യാവകാശ സംഘടന മേധാവികള്‍ ചൂണ്ടിക്കാണിക്കുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അബൂദബിയില്‍ നടക്കുന്ന ഗള്‍ഫ്, എഷ്യന്‍ രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നാണ് ജി സി സി ഔദ്യോഗിക വക്താക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. നിരവധി തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നി രാജ്യങ്ങളില്‍ നിന്ന് നിരന്തരം ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പട്ട് അടിയന്തര നടപടികള്‍ ഉണ്ടാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.
ആറ് ജി സി സി രാജ്യങ്ങളിലായി മലയാളികളടക്കം 2.3 കോടി വിദേശ തൊഴിലാളികള്‍ ജീവിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിയില്‍ 24 ലക്ഷം വിദേശികളും വീട്ടുജോലിക്കായി എത്തിയവരാണ്. വര്‍ഷങ്ങളായി ജി സി സി രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ ഷിപ്പ് സംവിധാനം പരിഷ്‌കരണക്കണമെന്നുള്ള ആവശ്യം വര്‍ഷങ്ങളായി മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിക്കുന്ന ഒന്നാണ്. മാസങ്ങള്‍ക്ക് മുമ്പ് ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിലും പ്രസ്തുത ആവശ്യം ഉന്നയിക്കപ്പെടുകയും ഇതേകുറിച്ച് ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു.