പട്‌നായികിന്റെ പേഴ്‌സനല്‍ സ്റ്റാഫിനെ സി ബി ഐ ചോദ്യം ചെയ്തു

Posted on: November 23, 2014 11:44 pm | Last updated: November 23, 2014 at 11:44 pm

Saroj-Sahuഭുവനേശ്വര്‍: സീ ഷോര്‍ ചിട്ടി തട്ടിപ്പ് കേസില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ പേഴ്‌സനല്‍ സ്റ്റാഫിനെ സി ബി ഐ ചോദ്യം ചെയ്തു. സരോജ് സാഹു (36)വിനെയാണ് സി ബി ഐ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. തട്ടിപ്പില്‍ പങ്കില്ലെന്നും സി ബി ഐയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്നും സാഹു വ്യക്തമാക്കി. കേസില്‍ നേരത്തെ ഒരു ഇടനിലക്കാരന്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാഹുവിനെ ചോദ്യം ചെയ്തത്. സാഹുവിനെ സി ബി ഐ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രാജി വെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, സാഹു നടത്തിയത് വ്യക്തിപരമായ ഇടപാടുകള്‍ മാത്രമാണെന്നും ഇതില്‍ പാര്‍ട്ടിക്ക് യാതൊരു വിധ പങ്കുമില്ലെന്നും ബി ജെ ഡി നേതാവും മന്ത്രിയുമായ ദാമോദര്‍ റൗത്ത് പറഞ്ഞു. ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബി ജെ ഡിയുടെ മൂന്ന് പ്രമുഖ നേതാക്കളെ സി ബി ഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു എം പിയും എം എല്‍ എയും ഉള്‍പ്പെടും. തട്ടിപ്പില്‍ സാഹുവിന് പങ്കുള്ളതായി സി ബി ഐ വ്യക്തമാക്കിയിരുന്നു. സാഹുവിന്റെയും കുടുംബത്തിന്റെയും ബേങ്ക് അക്കൗണ്ടുകള്‍ സി ബി ഐ പരിശോധിക്കുകയും ചെയ്തു.