Connect with us

Gulf

7-എമിറേറ്റ്‌സ് ഓട്ടത്തിന് തുടക്കമായി

Published

|

Last Updated

അബുദാബി: രാജ്യം 43ാം ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള 7-എമിറേറ്റ്‌സ് റണ്ണിന് തലസ്ഥാനത്ത് തുടക്കമായി. 12 ദിവസം നീണ്ടുനില്‍ക്കുന്ന 575 കിലോമീറ്റര്‍ ഓട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. ദുബൈ കിരീടാവകാശിയും ദുബൈ സ്‌പോട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് 7-എമിറേറ്റ്‌സ് റണ്‍ ആരംഭിച്ചിരിക്കുന്നത്. അബുദാബിയിലെ റൊട്ടാണ ഗ്രൂപ്പിന് കീഴിലുള്ള ഖാലിദിയ പാലസ് റൈഹാന്‍ ഹോട്ടലില്‍ നിന്നു വെള്ളിയാഴ്ചയാണ് ക്രോസ്‌കണ്‍ട്രി കൂട്ടയോട്ടത്തിന് തുടക്കമായിരിക്കുന്നത്.
ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ദുബൈയില്‍ കൂട്ടയോട്ടം സമാപിക്കും. യു എ ഇയില്‍ കഴിയുന്ന പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി 7,77,777 ദിര്‍ഹം സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അല്‍ ജലീല ഫൗണ്ടേഷന്‍സിന്റെ ഇത്തരക്കാര്‍ക്കായുള്ള പ്രത്യേക ഫണ്ടിലേക്കാവും 7-എമിറേറ്റ്‌സ് റണ്ണിന് ശേഷം പണം കൈമാറുക. ഇത്തരം കുട്ടികളുടെ ചികിത്സക്കായി പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏഴ് എമിറേറ്റുകളും ചുറ്റിയാണ് ഓട്ടം ദുബൈയില്‍ സമാപിക്കുകയെന്ന് അല്‍ ജലീല ഫൗണ്ടേഷന്‍ സി ഇ ഒ ഡോ. അബ്ദുല്‍കരീം സുല്‍ത്താന്‍ അല്‍ ഒലാമ വ്യക്തമാക്കി.
സര്‍ക്കാര്‍ വകുപ്പുകളും കോര്‍പറേറ്റുകളും ഫൗണ്ടേഷനുകളുമെല്ലാം ഒത്തൊരുമിച്ച് ഒരു കാര്യത്തിന് മുന്നിട്ടിറങ്ങുന്നുവെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇത്തരം ഉദ്യമങ്ങള്‍. കഴിഞ്ഞ വര്‍ഷം കൂട്ടയോട്ടത്തിലൂടെ ലഭിച്ച തുകയില്‍ നിന്നു കാലിന് പ്രശ്‌നങ്ങളുള്ള മുഹമ്മദ് അയ്യൂബ് എന്ന പിഞ്ചു ബാലനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഫൗണ്ടേഷന് സാധിച്ചു. ഇത്തരത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാന്‍ ഫണ്ട് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Latest