തൊഴിലാളികളെ ലോറികളില്‍ കടത്തിയ സംഭവം: കല്‍പ്പറ്റയിലും മാനന്തവാടിയിലും രണ്ടു നിയമം

Posted on: November 23, 2014 12:59 pm | Last updated: November 23, 2014 at 12:59 pm

കല്‍പ്പറ്റ: അന്യ സംസ്ഥാനത്ത് നിന്നും കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ തൊഴിലാളികളെ ലോറികളില്‍ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ ജില്ലയില്‍ രണ്ടിടത്ത് രണ്ടു നിയമം. കഴിഞ്ഞദിവസം കല്‍പ്പറ്റയില്‍ ഇത്തരത്തില്‍ പിടികൂടിയ വാഹനം കസ്റ്റഡിയിലെടുക്കുകയും കുട്ടികളെ ചൈല്‍ഡ് ലൈന് കൈമാറുകയും ചെയ്തപ്പോള്‍ തോല്‍പ്പെട്ടിയില്‍ നൂറോളം പേരെ നാഷനല്‍ പേര്‍മെിറ്റ് ലോറിയില്‍ കുത്തിനിറച്ചുകൊണ്ടുവന്നതിനെതിരെ പെറ്റിക്കേസ് പോലുമെടുക്കാതെ വിട്ടയക്കുകയായിരുന്നു. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വഴി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന തൊഴിലാളികള്‍ കയറ്റിയ ലോറി നാട്ടുകാരാണ് തടഞ്ഞുവെച്ച് പോലിസില്‍ വിവരം അറിയിച്ചത്. കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും വീട്ടുപകരണങ്ങളെയും കുത്തിനിറച്ചായിരുന്നു ലോറി ജില്ലയിലേക്ക് കടന്നത്. ഇവരെ കൊണ്ടുവരാനായി കാട്ടിക്കുളത്തെ വിവാദ എസ്‌റ്റേറ്റിന്റെ നടത്തിപ്പുകാരനും ഒപ്പമുണ്ടായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കരുതേണ്ട രേഖകള്‍ പോലും പോലിസ് പരിശോധന നടത്തുകയുണ്ടായില്ല. രാവിലെ വാഹനത്തില്‍ കയറിയതാണെന്നും ഭക്ഷണമൊന്നും തന്നില്ലെന്ന് കുട്ടികളുള്‍പ്പെടെ നാട്ടുകാരോട് പരാതിപ്പെട്ടിരുന്നെങ്കിലും പോലിസ് ഇതുപോലും ഗൗനിക്കാതെയാണ് ലോറിയില്‍ നിന്നിറക്കി ജീപ്പില്‍ തൊഴിലാളികളെ കൊണ്ടുപോവാന്‍ അനുമതി നല്‍കിയത്. ജില്ലയിലെ വിവിധ എസ്‌റ്റേറ്റുകളിലേക്കാണ് തൊഴിലാളികളെ ഏജന്റുമാര്‍ മുഖേന എത്തിച്ചത്. കല്‍പ്പറ്റയില്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരമായിരുന്നു വാഹനം പിടികൂടിയത്.