മലപ്പുറം നഗരസഭയില്‍ ആരോഗ്യ കേന്ദ്രം തുടങ്ങും

Posted on: November 23, 2014 11:38 am | Last updated: November 23, 2014 at 11:38 am

മലപ്പുറം: മലപ്പുറം നഗരസഭയില്‍ അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചതായി ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ പറഞ്ഞു. എന്‍ യു എച്ച് എം (നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍) പദ്ധതിയുടെ ഭാഗമായാണ് മുനിസിപ്പല്‍ പരിധിയില്‍ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നത്.
പ്രതിരോധ കുത്തിവെപ്പ് കാര്യക്ഷമമാക്കുക. ഗര്‍ഭിണികള്‍, അമ്മമാര്‍, എന്നിവരുടെ ആരോഗ്യം ഉറപ്പു വരുത്തുക. ജീവിത ശൈലീ രോഗങ്ങള്‍ക്കാവശ്യായ ചികിത്സ എന്നിവ പ്രധാനമായും സെന്ററില്‍ നിന്നും ലഭ്യമാകും. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ കിലയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ നഗരസഭ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. 27, 28, 29 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. 12 രാജ്യങ്ങളും ഇന്ത്യയില്‍ നിന്നും 25 സംസ്ഥാനങ്ങളും പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഏക നഗരസഭ മലപ്പുറമാണ്.
മലപ്പുറത്തിന്റെ വികസന മുന്നേറ്റങ്ങളെ രാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ നഗരസഭയുടെ സ്റ്റാളും സമ്മേളന നഗരയില്‍ ഒരുക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നഗരസഭ നടത്തുന്നത്. സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കാന്‍ നഗരസഭയുടെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി 300 ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ നഗരസഭ തയ്യാറാക്കിയ മാഗസിനുകള്‍ സമ്മേളന സ്റ്റാളില്‍ വിതരണം ചെയ്യും. കഴിഞ്ഞ ദിവസം ഉദ്ഘാടനം മഞ്ഞളാകുഴി അലി പ്രകാശനം ചെയ്ത നഗരസഭയുടെ പ്രവര്‍ത്തനം തത്സമയം ലോകത്തിനുമുന്നിലെത്തിക്കുന്ന നഗരസഭ ലൈവ് സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര സമര പോരാട്ടങ്ങളില്‍ വീരമൃത്യു വരിച്ച സേനാനികള്‍ക്ക് മലപ്പുറത്ത് സ്മാരകം പണിയണമെന്ന് കൗണ്‍സിലര്‍ കാപ്പന്‍ ഷംസുദ്ദീന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബേബി ഷിംജ പ്രമേയത്തെ പിന്താങ്ങി.