Connect with us

National

എസ് പി പ്രവര്‍ത്തകര്‍ ടോള്‍ ബൂത്ത് ജീവനക്കാരെ അക്രമിച്ചു

Published

|

Last Updated

ബാരാബങ്കി: ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ടോള്‍ ബൂത്ത് ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവം വിവാദമാകുന്നു. ഗൊസൈന്‍ഗഞ്ച് എം എല്‍ എ അഭയ് സിംഗിന്റെ സ്‌കോര്‍പിയോ കാര്‍ ബാരാബങ്കിയിലെ അഹ്മദ്പൂര്‍ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. തെറ്റായ ലൈനിലൂടെ കയറിയതിനെ തുടര്‍ന്നാണ് വണ്ടി തടഞ്ഞത്. എം എല്‍ എയുടെ കാറിനെ അനുഗമിച്ചിരുന്ന അനുയായികള്‍ ഉടനെ അനുയായികളുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ശേഷം മൂന്ന് കാറുകളിലെത്തിയ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഒരു ജീവനക്കാരന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചിഴക്കുന്നതും മറ്റൊരാളെ വടി കൊണ്ട് അടിക്കുന്നതും സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദനം. പ്ലാസയിലെ രണ്ട് ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചെന്നും ഒരാളുടെ നില ഗുരുതരമാണെന്നും മറ്റൊരു ജീവനക്കാരനായ കുല്‍ദീപ് സിംഗ് പറഞ്ഞു. ആക്രമണം നടക്കുന്ന സമയം അഭയ് സിംഗ് എം എല്‍ എ കാറിലിരിക്കുകയായിരുന്നെന്നും ആക്രമണം മതിയാക്കിയ ശേഷമാണ് പോയതെന്നും ജീവനക്കാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ ആര്‍ഭാട ജന്‍മദിനാഘോഷത്തിലൂടെ രൂക്ഷ വിമര്‍ശം നേരിടുന്ന എസ് പിക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ സംഭവം.

Latest