Connect with us

Sports

പൂനെ സിറ്റി എഫ് സിക്കെതിരെ ഗോവക്ക് രണ്ട് ഗോള്‍ ജയം

Published

|

Last Updated

മഡ്ഗാവ്: പൊരുതിക്കളിച്ച പൂനെ സിറ്റി എഫ് സിയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് എഫ് സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം പിടിച്ചു. റോമിയോ ഫെര്‍നാണ്ടസ്, മിറോസ്ലാവ് സ്ലെപിച് എന്നിവരാണ് ഗോവക്കായി ലക്ഷ്യം കണ്ടത്. തുടക്കത്തില്‍ തന്നെ ഗോളടിച്ച് ഗോവക്ക് മേല്‍ക്കൈ നേടിക്കൊടുത്ത റോമിയോ ഫെര്‍നാണ്ടസാണ് ഹീറോ ഓഫ് ദ മാച്ച്. ഗോവയുടെ തന്നെ നാരായണ്‍ ദാസ് എമെര്‍ജിംഗ് പ്ലെയറായും പൂനെയുടെ പാര്‍ക്‌വാംഗ് ഫിറ്റെസ്റ്റ് പ്ലെയറായും തിരഞ്ഞെടുക്കപ്പെട്ടു.
പത്ത് മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് പോയിന്റും ഗോള്‍ ശരാശരിയിലെ മികവും സീക്കോയുടെ എഫ് സി ഗോവയെ ടേബിളില്‍ നാലാം സ്ഥാനത്ത് എത്തിച്ചു. പത്ത് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള പൂനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒമ്പത് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള മുംബൈയാണ് ഗോള്‍ ശരാശരിയുടെ കൂടി മികവില്‍ അഞ്ചാം സ്ഥാനത്ത്. ചെന്നൈയിന്‍ എഫ് സി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
ഇന്ന് മുംബൈ – ചെന്നൈയിന്‍ എഫ് സി പോരാട്ടം.
കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ ഗോവക്കാര്‍ സന്ദര്‍ശകരുടെ വലയില്‍ പന്തെത്തിച്ചു. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കത്തിലേ ഗോളടിച്ച് അത്‌ലറ്റിക്കോയെ ഞെട്ടിപ്പിച്ചതിന് സമാനമായിരുന്നു തുല്യശക്തികളുടെ പോരില്‍ പൂനെക്കെതിരെ എഫ് സി ഗോവ മാനസികാധിപത്യം സ്ഥാപിച്ചത്. ബ്രസീല്‍ താരം ആന്ദ്രെ സാന്റോസിന്റെ തകര്‍പ്പന്‍ ഫ്രീകിക്കാണ് റോമിയോ ഫെര്‍നാണ്ടസിന് ഹെഡര്‍ ഗോളൊരുക്കിയത്. പൂനെ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യക്ക് പ്രതികരിക്കാന്‍ സമയം നല്‍കും മുമ്പ് റോമിയോയുടെ ഹെഡര്‍ വല തുളച്ചിരുന്നു. പ്രതിരോധ നിരയിലെ ആരും തന്നെ റോമിയോയെ മാര്‍ക്ക് ചെയ്യാതിരുന്നതിനുള്ള ശിക്ഷയായി പൂനെക്ക് ഈ ഗോള്‍.
ഗോവയുടെ രണ്ടാം ഗോള്‍ ഇഞ്ചുറി ടൈമിലായിരുന്നു. രണ്ട് തകര്‍പ്പന്‍ ഹെഡറുകളുടെ അകമ്പടിയോടെയാണ് പന്ത് വലയില്‍ വിശ്രമിച്ചത്. പകരക്കാരായെത്തിയ ജുവെല്‍ രാജയും ക്ലിഫോര്‍ഡ് മിറാന്‍ഡയും ഗോളിന് പിറകില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഫൈനല്‍ ടച് ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ ടോള്‍ഗെ ഒസ്‌ബെക്ക് പകരമെത്തിയ ചെക് റിപബ്ലിക് സ്‌ട്രൈക്കര്‍ മിറോസ്ലാവിന്റെതായിരുന്നു.
ജുവെലിന്റെ ക്രോസ് ബോള്‍ ഇടത് ബോക്‌സിനുള്ളില്‍ കുതിച്ചെത്തിയ മിറാന്‍ഡ നിലം കുഴിക്കുന്ന ഹെഡറിലൂടെ മിറോസ്ലാവിന് കൈമാറി. ഗോളി അരിന്ദമിനെയും പ്രതിരോധ നിരക്കാരെയും കബളിപ്പിച്ച് പന്ത് ബൗണ്‍സ് ചെയ്താണ് മിറോസ്ലാവിന് ലഭിച്ചത്. ഒഴിഞ്ഞ വലയിലേക്ക് അനായാസം ഹെഡ് ചെയ്യുകയേ ചെക് താരത്തിന് വേണ്ടി വന്നുള്ളൂ
ഇരുടീമുകളും സുപ്രധാന മാറ്റങ്ങള്‍ ആദ്യ ഇലവനില്‍ വരുത്തി. പൂനെ സിറ്റി എഫ് സി അഞ്ച് മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്.
ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡേവിഡ് ട്രെസഗെ, ഡാവിഡ്, ഗുരുംഗ്, പ്രിതം, മാഗിയോഷെറ്റി എന്നിവര്‍ ആദ്യ ലൈനപ്പില്‍ ഇല്ലായിരുന്നു. മെഹ്‌റാജുദീന്‍ വദു, ഡുഡു, പാര്‍ക് വാംഗ്, വാഡോസ്, ലെനി റോഡ്രിഗസ് എന്നിവര്‍ ആദ്യ ലൈനപ്പില്‍. എണ്‍പത്തിമൂന്നാം മിനുട്ടില്‍ ജെര്‍മെയിന്‍ പെനന്റിന് പകരം ട്രെസഗയെ കളത്തിലിറക്കിയെങ്കിലും പൂനെക്ക് തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. ലെനി റോഡ്രിഗസിന് പകരം ഗുരുംഗും കളത്തിലെത്തി.
ആദ്യ പകുതിയില്‍ സമനില ഗോളടിക്കാനുള്ള കാല്‍ഡസന്‍ അവസരങ്ങള്‍ പൂനെ പാഴാക്കി. ഡുഡുവിനും പാര്‍ക് വാംഗിനും മികച്ച അവസരങ്ങള്‍ തന്നെയാണ് ലഭിച്ചത്.
ഡുഡു ഫസ്റ്റ് ടൈം ഷോട്ടിന് മടിച്ചതിന്റെ ഫലമായിട്ട് അവസരം അകന്നപ്പോള്‍ പാര്‍ക് വാംഗിന്റെ ഗോള്‍ശ്രമം ഇല്ലാതാക്കിയത് ഗോവ ഗോളി സെഡയുടെ ഒറ്റക്കൈ കൊണ്ടുള്ള രക്ഷപ്പെടുത്തലാണ്.
ആദ്യ പകുതിയില്‍ പൂനെ ഗോളി അരിന്ദം ഭട്ടാചാര്യ മികച്ച രക്ഷപ്പെടുത്തലുകളുമായി കൈയ്യടി നേടിയിരുന്നു.

Latest