Connect with us

Editors Pick

ലതാ മങ്കേഷ്‌കറിനെ അത്ഭുതപ്പെടുത്തിയ കുഞ്ഞുപ്രതിഭ

Published

|

Last Updated

ചേര്‍ത്തല: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറിനെപ്പോലും അത്ഭുതപ്പെടുത്തിയ കേരളത്തിലെ കൊച്ചുഗായികക്ക് അഭിനന്ദനപ്രവാഹം. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് 15 ാം വാര്‍ഡ് കളത്തുംവാതുക്കല്‍ ജയകുമാര്‍-പ്രീത ദമ്പതികളുടെ മകള്‍ ജയലക്ഷ്മിയാണ് ലതാ മങ്കേഷ്‌കറിനെ അത്ഭുതപ്പെടുത്തിയത്. ലതാ മങ്കേഷ്‌കറുടെ പ്രശസ്ത ഗാനമായ സത്യം ശിവം സുന്ദരം എന്ന പാട്ടാണ് ജയലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. ജയലക്ഷ്മി ആലപിച്ച ഗാനം യുടൂബ്, വാട്‌സ്അപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി. ജയലക്ഷ്മിയെ തേടി ഡല്‍ഹിയില്‍ നിന്നും ചാനല്‍ സംഘം നാട്ടിലെത്തി. ചേര്‍ത്തല ഗവ.ഗേള്‍സ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി ജയലക്ഷ്മി ലിറ്റില്‍ ലതാ മങ്കേഷ്‌കര്‍ എന്ന പേരിലാണ് ഉത്തരേന്ത്യയിലെ ചാനലുകളില്‍ നിറയുന്നത്. ആറുവയസുമുതല്‍ സംഗീതം അഭ്യസിക്കുന്ന ജയലക്ഷ്മി വീട്ടിലിരുന്ന് പാടിയ സത്യം ശിവം സുന്ദരം ഹിന്ദി ഗാനം മാതാവ് പ്രീത മൊബൈലില്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുകയുമായിരന്നു. ഇത് ഉത്തരേന്ത്യയിലെ പ്രമുഖ ചാനലായ സീ ടി വി വാര്‍ത്തയാക്കുകയായിരുന്നു. ലതാ മങ്കേഷ്‌കര്‍ പാടിയ പാട്ടും ജയലക്ഷ്മി പാടിയ പാട്ടും താര്യതമ്യപ്പെടുത്തിയാണ് ഇവര്‍ സംപ്രേക്ഷണം ചെയ്തത്. ചാനല്‍ അധികൃതര്‍ ജയലക്ഷ്മിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും കുടുംബ സമേതം ഡല്‍ഹിക്ക് ക്ഷണിക്കുകയുമായിരുന്നു. ജയലക്ഷ്മിയുടെ പാട്ട് കേട്ട ലതാ മങ്കേഷ്‌കര്‍ അത്ഭുതം പ്രകടിപ്പിക്കുകയും കുട്ടിയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും ചേര്‍ത്തലയിലെത്തിയ ചാനല്‍ പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ കേരളത്തിലെത്തിയ ചാനല്‍ പ്രതിനിധികളോടൊപ്പം ജയലക്ഷ്മിയും മാതാപിതാക്കളും സഹോദരനും സംഗീത അധ്യാപകനും ഡല്‍ഹിക്ക് തിരിച്ചു. സംഗീത ലോകത്തെ ഒട്ടേറെ പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയ കൊച്ചുഗായിക ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ ഗാനാലാപനം നടത്തും.