Connect with us

Kerala

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി സംഘത്തെ അയക്കാന്‍ യു ഡി എഫ് നിര്‍ദേശം

Published

|

Last Updated

കൊച്ചി: റബ്ബര്‍ ഇറക്കുമതി തടയണമെന്നാവശ്യപ്പെട്ടും മുല്ലപ്പെരിയാറിലെ ഗുരുതരാവസ്ഥ ശ്രദ്ധയില്‍ പെടുത്തുന്നതിനും കേരളത്തില്‍ നിന്ന് സര്‍വകക്ഷി പ്രതിനിധി സംഘത്തെ ഡല്‍ഹിയിലേക്കയക്കാന്‍ യു ഡി എഫ് നിര്‍ദേശം. അടുത്ത ആഴ്ച വിളിച്ചു ചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗത്തിന് ശേഷം സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റബ്ബര്‍ ഇറക്കുമതി നിരോധിക്കണമെന്നും വിലസ്ഥിരത ഫണ്ടില്‍ ഉള്ള 1000 കോടിയില്‍ നിന്ന് ഗണ്യമായ വിഹിതം റബ്ബര്‍ സംഭരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന ആവശ്യവും പ്രധാനമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കും. സംസ്ഥാനത്തെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മുല്ലപ്പെരിയാര്‍ വിഷയവും ഉന്നയിക്കും.
സംസ്ഥാനത്ത് നെല്ലുസംഭരണത്തെ തുടര്‍ന്ന് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള പണം വേഗത്തില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുന്നതിനും സപ്ലൈകോയില്‍ പല ഉത്പന്നങ്ങള്‍ക്കുമുള്ള ഉയര്‍ന്ന വിലകളെകുറിച്ചുള്ള പരാതികള്‍ പരിശോധിക്കുന്നതിനും യു ഡി എഫ് യോഗം നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് റബ്ബര്‍ സംഭരണം കൂടുതല്‍ ശക്തമാക്കുന്നതിനും നിലവിലുള്ള വിലയേക്കാള്‍ അഞ്ച് രൂപ കിലോവിന് കൂടുതല്‍ നല്‍കി സംഭരിക്കുന്ന ഏജന്‍സികള്‍ക്ക് സംഭരണത്തിനാവശ്യമായ പണം കൂടുതല്‍ ലഭ്യമാക്കണമെന്ന് ഇന്നലെ നടന്ന യോഗത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പഞ്ചായത്തുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള യു ഡി എഫ് ഉപസമിതി പരിശോധിക്കുമെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
53 പഞ്ചായത്തുകള്‍ വിഭജിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഭൂമിയുടെ ന്യായവില തീരുമാനം പുന:പരിശോധിക്കണമെന്നും കെട്ടിടനികുതി വര്‍ധനവുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കണമെന്ന നിര്‍ദേശങ്ങളും യോഗത്തില്‍ ഉണ്ടായി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമിച്ച കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരായ വിജിലന്‍സ് നടപടി സംബന്ധിച്ച് ഇന്നലെ നടന്ന യോഗത്തില്‍ മുസ്‌ലിം ലീഗ് യാതൊരുവിധ അതൃപ്തിയും അറിയിച്ചില്ലെന്നും ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസും പരാതികള്‍ ഉന്നയിച്ചില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരായി എല്ലാ കാലത്തും ശക്തമായ നിലപാടെടുത്ത പാരമ്പര്യമാണ് യു ഡി എഫിനുള്ളതെന്നും ആ നിലപാടില്‍ തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.