Connect with us

Kerala

അവശരായ ആനകള്‍ക്ക് വിദൂര സ്ഥലത്ത് ചികിത്സ: ദേവസ്വം ബോര്‍ഡിന്റെ നടപടി വിവാദത്തില്‍

Published

|

Last Updated

ആലപ്പുഴ: അവശരും രോഗാതുരരുമായ ആനകള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം വിവാദമാകുന്നു. അവശരായ ആനകളെ ദീര്‍ഘയാത്ര ചെയ്യിച്ച് സംരക്ഷിക്കാനുള്ള നീക്കമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ 21 ആനകളാണുള്ളത്. ഇതില്‍ ആറെണ്ണം കടുത്ത അവശത അനുഭവിക്കുകയാണ്. ഇവക്കായി തിരുവനന്തപുരത്തോ തൃശൂരോ സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്. എന്നാല്‍ അവശതയിലായ ആനകളെ വിദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യിക്കുന്നത് അവയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ജീവന്‍ നഷ്ടപ്പെടാന്‍ തന്നെ ഇത് കാരണമായേക്കുമെന്നുമാണ് ആനപ്രേമികള്‍ ആരോപിക്കുന്നത്.ദേവസ്വംബോര്‍ഡിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുമെന്ന് ആനപ്രേമിസംഘം ജനറല്‍ സെക്രട്ടറി വെങ്കിടാചലം പറഞ്ഞു. പ്രായാധിക്യം കൊണ്ട് അവശരായ ആനകള്‍ക്ക് ആവശ്യമായ ചികിത്സയും പ്രത്യേക സംരക്ഷണവും ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആനകളെ പാര്‍പ്പിക്കാനും ചികിത്സ ലഭ്യമാക്കാനുമായി പ്രത്യേക സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലൊരിടത്ത് സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനം. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ അധികവും പത്തനംതിട്ട, കോട്ടയം ജില്ലകളിലാണെന്നിരിക്കെ അവശമായ ആനകളെ ദീര്‍ഘദൂരം യാത്ര ചെയ്യിച്ച് ഈ കേന്ദ്രത്തില്‍ എത്തിക്കുക അപ്രായോഗികവും അവയുടെ ആരോഗ്യ നില കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്നാണ് ആനപ്രേമിസംഘത്തിന്റെ പരാതി.
അവശത അനുഭവിക്കുന്നതും അനാരോഗ്യം നേരിടുന്നതുമായ ആനകളെ അവ നിലവില്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വെച്ച് തന്നെ മതിയായ ചികിത്സയും പരിചരണവും ലഭ്യമാക്കുകയാണ് വേണ്ടതെന്ന് വെങ്കിടാചലം പറഞ്ഞു.അതേസമയം, ആനപ്രേമികളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും സംരക്ഷണ കേന്ദ്രങ്ങള്‍ എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ ബോര്‍ഡ് ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്നും ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാല്‍ പറഞ്ഞു. പ്രായാധിക്യത്താല്‍ അവശത അനുഭവിക്കുന്ന ആനകളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കാനായി ഈ സാമ്പത്തിക വര്‍ഷം തുകയൊന്നും നീക്കിവെച്ചിട്ടില്ല. എങ്കിലും എത്രയും വേഗം പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം ബോര്‍ഡെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest