Connect with us

Kerala

നവസംരംഭകര്‍ക്കായി വ്യവസായ സമ്മേളനം 25ന്

Published

|

Last Updated

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എന്റര്‍പ്രണര്‍ ഡവലപ്‌മെന്റ് മിഷന്‍ യുവകേരളം നവകേരളം പദ്ധതിയില്‍ നവസംരംഭകര്‍ക്കായി സമ്മേളനം സംഘടിപ്പിക്കുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. നവംബര്‍ 25 രാവിലെ 10.30ന് കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ ധന മന്ത്രി കെ എം മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബംഗളൂരു ഐ ഐ എം ഡയറക്ടര്‍ പ്രൊഫ. എ ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തും. എം എ വാഹിദ് എം എല്‍ എ അധ്യക്ഷനാവും. മികച്ച സംരംഭകര്‍ക്കുള്ള കെ എസ് ഇ ഡി എം അവാര്‍ഡ് ധനമന്ത്രി കെ എം മാണി സമ്മാനിക്കും.
കെ എസ് ഇ ഡി എം സംരംഭകര്‍ തങ്ങളുടെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. പുതുസംരംഭകര്‍ക്കായി പ്രഗത്ഭരെ ഉള്‍പ്പെടുത്തി വിവിധ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
സമാപന സമ്മേളനം വൈകുന്നേരം നാല് മണിക്ക് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍ ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സി എം ഡി. പി ജോയ് ഉമ്മന്‍ അധ്യക്ഷനാകും. കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (സി എസ് ഐ ഡി ഐ സി ഐ) വിവിധ സംസ്ഥാനങ്ങളിലെ സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.
കെ എസ് ഇ ഡി എം ന്റെ ഈ സ്വപ്‌ന പദ്ധതിയിലൂടെ പതിനായിരം പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കുകയും 50,000 പുതിയ സംരംഭകരെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. അഭ്യസ്തവിദ്യരായ ഒരു ലക്ഷം തൊഴില്‍ രഹിത യുവജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിക്കായി 500 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്.