തീവ്രവാദത്തിനെതിരെ നടപടി ശക്തമാക്കാന്‍ പാകിസ്ഥാന് യു എസ് നിര്‍ദേശം

Posted on: November 23, 2014 5:07 am | Last updated: November 22, 2014 at 10:10 pm

raheel shereefവാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ സൈനിക മേധാവിക്ക് യു എസ് നിര്‍ദേശം. വൈറ്റ് ഹൗസില്‍ യുഎസ് പാക് പ്രതിനിധികളുടെ യോഗത്തിലാണ് നിര്‍ദേശം. അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദികള്‍ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീവ്രവാദികള്‍ക്ക് നേരെയും നടപടി ശക്തമാക്കാനാണ് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫിനോട് അമേരിക്ക ആവശ്യപ്പെട്ടത്. അമേരിക്ക ഉദ്യോഗസ്ഥരുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നവാസ് ശരീഫിനെ തീവ്രവാദികള്‍ക്കെതിരെ സൈന്യം അടുത്തിടെ സ്വീകരിച്ച നടപടിയുടെ പേരില്‍ അഭിനന്ദിച്ചിരുന്നു. സൈനിക മേധാവിയായതിന് ശേഷം റഹീല്‍ നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ലശ്കറെ ത്വയ്ബ, ഹഖാനി തുടങ്ങിയ വിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ ദുരനുഭവങ്ങള്‍ സൈനിക മേധാവി ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിട്ടുണ്ട്. അമേരിക്കന്‍ ജനതയുടെയും സൈന്യത്തിന്റെ സഹായം ഇതിന് ആവശ്യമാണെന്നും പാക്കിസ്ഥാന്‍ പ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു. തീവ്രവാദികള്‍ക്കെതിരെയുള്ള നടപടി പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ പ്രധാന ദൗത്യമാണെന്ന് അമേരിക്കന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസുമായും പാക്കിസ്ഥാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.