രാജ്യപുരോഗതിക്ക് വിദ്യാഭ്യാസമുന്നേറ്റം അനിവാര്യം: കാന്തപുരം

Posted on: November 22, 2014 11:34 pm | Last updated: November 22, 2014 at 11:34 pm

KANTHAPURAM-NEWദോഹ: രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് വിദ്യാഭ്യാസ മുന്നേറ്റം അനിവാര്യമാമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
‘രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം’ എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മര്‍കസ് മുപ്പത്തിഏഴാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഐ സി സി ഹാളില്‍ നടന്ന മിഡില്‍ ഈസ്റ്റ് തല പ്രചാരണ ക്യാമ്പയിനിന്റെ സമാപനത്തില്‍ മുഖ്യപ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വാരം മക്കയിലെ വിശുദ്ധ കഅബയില്‍ നിന്നാരംഭിച്ച് സൗദിയിലെ വിവിധ പ്രദേശങ്ങള്‍, കുവൈത്ത്, ബഹ്‌റൈന്‍, ദുബൈ, ഷാര്‍ജ, അബൂദബി, മസ്‌ക്കത്ത്, സോഹാര്‍, സലാല, സൂര്‍ എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷമാണ് ക്യാമ്പയിന്‍ ദോഹയില്‍ സമാപിക്കുന്നത്.
ഏതൊരു സമൂഹത്തിന്റെയും അരക്ഷിത ബോധം മാറ്റി അനിവാര്യമായ സുരക്ഷിതബോധം കൈവരുത്തുന്നതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മര്‍കസ് ഈ രംഗത്ത് വലിയ ദൗത്യങ്ങളാണ് ഏറ്റെടുത്തു നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
ഐ സി എഫ് ഖത്തര്‍ നാഷനല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുര്‍റസാഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മര്‍കസ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹ്മാന്‍ മദനി പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് സഖാഫ് തങ്ങള്‍, ക്വാളിറ്റി ഗ്രൂപ്പ് എം ഡി ശംസുദ്ധീന്‍ ഒളകര, എബ്ള്‍ ഗ്രൂപ്പ് എം ഡി സിദ്ധീഖ് പുറായില്‍ സംബന്ധിച്ചു.