പോത്തുകുട്ടികളുടെ വിതരണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും

Posted on: November 22, 2014 10:59 am | Last updated: November 22, 2014 at 10:59 am

കല്‍പ്പറ്റ: ജില്ലാ ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി മുഖേനയുള്ള പോത്തുകുട്ടികളുടെ വിതരണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ മീറ്റ് മാംസ സംസ്‌കരണശാലയുടെ ഉത്പാദനത്തിനോടമുബന്ധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി പോത്തുകുട്ടികളെ ജില്ലയില്‍ വിതരണം ചെയ്യുന്നുണ്ട്. മറ്റ് ജില്ലകളിലെ കര്‍ഷകരുടേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും അഭ്യര്‍ഥന കണക്കിലെടുത്താണ് വിതരണം മറ്റഅ ജില്ലകളിലേക്കും വ്യാപിപ്പിക്കന്നത്. കൃഷിക്കാര്‍ക്ക് പോത്തുകുട്ടികളെ എത്തിച്ചുകൊടുക്കുന്നതിനുള്ള ഉത്തരവാദിത്വം ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റിയാണ് ഏറ്റെടുത്ത് ചെയ്യുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ ആദിവാസി വികസന പദ്ധതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പദ്ധതികളുടെ ഭാഗമായും കര്‍ഷകര്‍ക്ക് ഉരുക്കളെ വിതരണം ചെയ്യുന്നുണ്ട്. ഇതിനകം മൂവായിരത്തോളം ഉരുക്കളെ വിതരണം ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം ഒരു ലക്ഷത്തിലധികം ഉരുക്കളാണ് ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്നത്.
ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി 80 മുതല്‍ 120 കിലോ വരെ ഭാരമുള്ള എട്ട് മാസം മുതല്‍ ഒരു വയസു വരെ പ്രായമുള്ള പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. ആന്ധ്രയില്‍ നിന്നും നല്ലയിനം എരുകളുടെ കുട്ടികളെ നേരിട്ട് കര്‍ഷകരുടെ ഇടയില്‍ നിന്നും സംഭരിച്ചാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് എത്തിക്കുന്നത്. ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി മുഖേന പഞ്ചായത്ത് തലത്തില്‍ കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കൂണ്‍കൃഷി, മത്സ്യകൃഷി, പച്ചക്കറി കൃഷി എന്നിവ നടത്തുകയും അവയുടെ സംഭരണം, വിണനം തുടങ്ങിയവയും ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനും ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനുമായി നല്ലയിനം പശുകിടാരികളെ ഗുണമേന്മ ഉറപ്പ് വരുത്തി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി ആസൂത്രണം ചെയ്യുന്നുണ്ട്. ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി ജില്ലാ പ്രസിജന്റ് മാത്യൂസ് നൂറനാല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.കെ. ശിവരാമന്‍, എക്‌സിക്യീട്ടീവ് അംഗങ്ങളായ എം. വേലായുധന്‍, ജില്ലാ സെക്രട്ടറി പി.എസ്. ബാബുരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.