‘പ്രിസം’ പദ്ധതിയില്‍ കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും പുതുമോടി

Posted on: November 22, 2014 10:47 am | Last updated: November 22, 2014 at 10:47 am

കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പിന്നാലെ നോര്‍ത്ത് മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന ‘പ്രിസം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരണവും ആരംഭിച്ചു.
സാധാരാണക്കാരായ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 24ന് രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കുമെന്ന് എ പ്രദീപ്കുമാര്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന് പുറമെ ഹൈസ്‌കൂള്‍ വിഭാഗത്തിനായി രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്.
വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകളോട് കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം, ഡൈനിംഗ് ഹാള്‍, അടുക്കള എന്നിവയുള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തിയും ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, ഓപ്പണ്‍ എയര്‍ സ്റ്റേജ് തുടങ്ങിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
പ്രവൃത്തികള്‍ ഒന്നരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ ഹൈസ്‌കൂള്‍ കെട്ടിടം ആധുനിക സൗകര്യത്തോടെ നവീകരിക്കുന്നതിനും മികച്ച ലൈബ്രറി സൗകര്യം ഒരുക്കുന്നതിനും കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലബോറട്ടറിയും ഒരുക്കുന്നതിനും ഇനിയും ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്നും പദ്ധതിക്ക് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂളില്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ ചെലവില്‍ 25 ക്ലാസ് മുറികളോടുകൂടിയ പുതിയ ബ്ലോക്കിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി കൃഷ്ണദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ രമ, പ്രധാനാധ്യാപിക ടി കെ അനിതകുമാരി, ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ഹെഡ് ഡോ. ജോസഫ് സെബാസ്റ്റ്യന്‍, പി ടി എ പ്രസിഡന്റ് കെ പി സലിം, ഡോ. കുഞ്ഞമ്മദ്, വി ആര്‍ പ്രസന്ന സംബന്ധിച്ചു.