Connect with us

Kerala

പാറക്കടവ് സംഭവം: നിയമവാഴ്ച ഉറപ്പ് വരുത്തണം- എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് : പാറക്കടവ് സ്‌കൂള്‍ സംഭവത്തില്‍ വ്‌സതുനിഷ്ഠവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കേസിനാസ്പദമായ സംഭവത്തില്‍ കുട്ടിക്കും കുടുംബത്തിനും നീതിയും സമാധാനവും ലഭ്യമാക്കണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഈ സംഭവത്തിന്റെ മറവില്‍ സ്ഥാപനം നശിപ്പിക്കുന്നതിനും സ്ഥാപന നേതൃത്വത്തെയും സംഘടനയെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും തത്പരകക്ഷികള്‍ നടത്തുന്ന ഗൂഢാലോചനകളെ സമൂഹം തിരിച്ചറിയണമെന്നും സംഘടനാ കക്ഷിത്വത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ കത്തിച്ച് ജനങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കരുതെന്നും എസ് വൈ എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. യഥാര്‍ഥ നിയമവാഴ്ച നടക്കുന്ന രാജ്യത്ത് എല്ലാവരും നിയമങ്ങള്‍ക്ക് വിധേയരാണെന്നും നിയമം കൈയിലെടുത്ത് കുഴപ്പം സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ത്വാഹ സഖാഫി, സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സൈതലവി മാസ്റ്റര്‍, അബ്ദുല്‍ മജീദ്, എ മുഹമ്മദ്, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.