Connect with us

National

ഖാര്‍ഗേക്ക് സഭയില്‍ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടമായി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവിന്റെ പദവി നിഷേധിച്ചെങ്കിലും സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗേക്ക് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം അനുവദിക്കും. പ്രതിപക്ഷ ബഞ്ചില്‍ ഡെപ്യൂട്ടി സ്പീക്കറുടെ തൊട്ടടുത്തായിരിക്കും ഖാര്‍ഗേയുടെ ഇരിപ്പിടം. തിങ്കളാഴ്ച പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കേയാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, എസ് പി മേധാവി മുലായം സിംഗ് യാദവ്, ജനതാദള്‍ മേധാവി എച്ച് ഡി ദേവേഗൗഡ തുടങ്ങിയവര്‍ക്കൊപ്പം മുന്‍നിരയിലായിരിക്കും ഖാര്‍ഗേ ഇരിക്കുക. ഇരിപ്പിടങ്ങള്‍ അനുവദിച്ചതിനൊപ്പം സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗങ്ങള്‍ക്ക് ഡിവിഷന്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. വോട്ടിംഗ് സമയത്തെ ക്രമീകരണങ്ങള്‍ക്കാണ് ഇത്.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രണ്ടാം നിരയില്‍ സോണിയാ ഗാന്ധിയുടെ തൊട്ടു പിറകില്‍ ഇരിക്കും. ഭരണ കക്ഷി ബഞ്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊട്ടടുത്ത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഇരിക്കുക. സുഷമാ സ്വരാജ്, ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി തുടങ്ങിയവര്‍ തൊട്ടടുത്തും. ഭരണ കക്ഷി ബഞ്ചില്‍ അഞ്ചാം നമ്പര്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ആറാം നമ്പര്‍ സീറ്റ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിക്കാണ്.