ഡല്‍ഹിയില്‍ മണിപ്പൂരി പി എച്ച് ഡി സ്‌കോളര്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: November 21, 2014 4:53 am | Last updated: November 20, 2014 at 11:54 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോട്‌ല മുബാറക്പൂരില്‍ മണിപ്പൂര്‍ സ്വദേശിയായ യുവ പി എച്ച് ഡി സ്‌കോളറെ ക്രൂരമായി കൊലപ്പെടുത്തി. കുഷുംഗ് സിന്‍ഗ്രാന്‍ കെംഗൂയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം താമസിക്കുന്നത് കോട്‌ല മുബാറക്പൂരിലാണ്.
കഴുത്ത് മുറിച്ച് തലയും ഉടലും വേര്‍പ്പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ജോലി ആവശ്യാര്‍ഥമാണ് കുഷുംഗ് ഡല്‍ഹിയിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് പി എച്ച് ഡി നേടിയതിന് ശേഷം കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെത്തിയത്. കുഷുംഗ് താമസിച്ച വീടിന്റെ മൂന്നാം നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് വടക്കുകിഴക്കന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഫുന്‍സ്‌ഖോക് പറഞ്ഞു. താന്‍ വീട്ടിലെത്തിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയിട്ടില്ലായിരുന്നു. അകം നിറയെ രക്തമായിരുന്നെന്നും വാതിലിലും ചുമരിലും രക്തക്കറയുണ്ടായിരുന്നെന്നും തുടര്‍ന്ന് വീട്ടുടമസ്ഥനെ അറിയിക്കുകയുമായിരുന്നു. ഫുന്‍സ്‌ഖോക് പറഞ്ഞു.
പോലീസാണ് ബന്ധുക്കളെ അറിയിച്ചത്. മുറിയില്‍ നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കവര്‍ച്ചയായിരുന്നില്ല ലക്ഷ്യമെന്നും വ്യക്തിപരമായ ശത്രുതയോ പെട്ടെന്നുള്ള പ്രകോപനമോ ആയിരിക്കാം കാരണമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ എട്ടാം തീയതിയാണ് കുഷുംഗ് അവസാനമായി തന്നോട് സംസാരിച്ചതെന്ന് സഹദോരന്‍ യോറീ പറഞ്ഞു. ഡല്‍ഹിയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി അന്ന് സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ല. മാന്യനും അന്തര്‍മുഖനുമായിരുന്നു സഹോദരന്‍. കുറച്ച് സുഹൃത്തുക്കളല്ലാതെ ശത്രുക്കള്‍ ഇല്ലായിരുന്നു. ആരെങ്കിലുമായി പ്രശ്‌നമുണ്ടാക്കുമെന്ന് ഭാവിക്കാന്‍ പോലും സാധിക്കുന്നില്ല. യോറീ പറഞ്ഞു