Connect with us

National

രാംപാലിന്റെ കുളി പാല്‍പ്പായസത്തില്‍; പ്രസാദമായി വിതരണവും

Published

|

Last Updated

ഹിസാര്‍: കൊലപാതക കേസില്‍ അറസ്റ്റിലായ വിവാദ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാംപാല്‍ പതിവായി കുളിക്കുന്നത് പാല്‍പ്പായസത്തില്‍. കുളി കഴിഞ്ഞ് ഈ പാല്‍പ്പായസം പ്രസാദമായി അനുയായികള്‍ക്ക് വിതരണവും ചെയ്തിരുന്നു. ഈയൊരു ആചാരമാണ് തന്റെ “അത്ഭുത പ്രവൃത്തികള്‍ക്ക്” അടിസ്ഥാനമെന്ന് അവകാശപ്പെട്ടിരുന്നു രാംപാല്‍.
പാല്‍പ്പായസം രാംപാലിന്റെ ദേഹത്ത് ഒഴിക്കുമെന്നും ശേഷമിത് പ്രസാദമായി നല്‍കുമെന്നും ആശ്രമത്തില്‍ ഒരു തവണ സത്സംഗിന് എത്തിയ 45കാരനായ മനോജ് പറഞ്ഞു. മറ്റ് ചില അനുയായികള്‍ ഇത് നിഷേധിക്കുകയാണ്. പാല്‍പ്പായസത്തിലല്ല രാംപാലിന്റെ കുളിയെന്നും മറിച്ച് മച്ചില്‍ നിന്ന് ഒരു പൈപ്പിലൂടെ വരുന്ന പാലാണ് ദേഹത്ത് വീഴുന്നതെന്നും അനുയായികള്‍ വിശ്വസിക്കുന്നു. ധ്യാനത്തിലായിരിക്കുമ്പോഴാണ് ഈ പാല്‍ ദേഹത്ത് വീഴുന്നത്. ധ്യാനത്തിന്റെ ഫലമായാണ് പാല്‍പ്പായസമുണ്ടാകുന്നത്. 29കാരനായ കൃഷന്‍ പറഞ്ഞു. ആശ്രമത്തില്‍ പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കൃഷന്‍. ബുധനാഴ്ച രാത്രിയാണ് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ സത്‌ലോക് ആശ്രമത്തില്‍ നിന്ന് രാംപാലിനെ അറസ്റ്റ് ചെയ്തത്. പോലീസിനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ 99 പേര്‍ ചികിത്സയിലാണ്. എന്നാല്‍ പരുക്ക് കാരണമല്ല ഇവര്‍ ചികിത്സയിലായതെന്നും മറിച്ച് നേരത്തെ ഹൃദയാഘാതം, കിഡ്‌നിരോഗം തുടങ്ങിയവയുള്ളവരാണ് ചികിത്സയിലുള്ളതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാകേഷ് ശര്‍മ പറഞ്ഞു.

Latest