ബാര്‍ കേസില്‍ പ്രതാപന്റെ ആശങ്ക അനാവശ്യം: കെ ബാബു

Posted on: November 21, 2014 5:39 am | Last updated: November 20, 2014 at 11:40 pm

തിരുവനന്തപുരം: ബാര്‍ കേസില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് ഈ മാസം 30 വരെ സമയമുണ്ടെന്നും ഇക്കാര്യത്തില്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ ആശങ്ക അനാവശ്യമാണെന്നും എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. പ്രതാപന് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ കേസില്‍ കക്ഷി ചേര്‍ന്നയാള്‍ എന്ന നിലയില്‍ നേരത്തെ തന്നെ അദ്ദേഹത്തിന് അപ്പീല്‍ നല്‍കാമായിരുന്നു. അപ്പീല്‍ നല്‍കാന്‍ ആവശ്യത്തിനു സമയമുണ്ടെന്നുള്ള കാര്യം പ്രതാപനും അദ്ദേഹത്തിന്റെ അഭിഭാഷകനും അറിയാം. അതുകൊണ്ടാണ് അദ്ദേഹവും അപ്പീല്‍ നല്‍കാതിരുന്നത്. പ്രതാപന് ഈ കേസിലുള്ള ആത്മാര്‍ത്ഥതയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനപക്ഷ യാത്രയുടെ പേരില്‍ ബാര്‍ മുതലാളിയില്‍ നിന്ന് പണം വാങ്ങിച്ച സംഭവം ഒറ്റപ്പെട്ടതാണെന്നും പണം വാങ്ങിയ ആള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെന്നും കെ ബാബു പ്രതികരിച്ചു. സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും കൗണ്ടര്‍ ഫയല്‍ ചെയ്യാന്‍ മാത്രമേ കോടതി ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ദൂരപരിധി നിയമം പാലിച്ചുകൊണ്ടു ദേശീയപാതയുടെ പരിധിയില്‍ നിന്നും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ നിലവില്‍ വിഷമതകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ അനുയോജ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.