Connect with us

International

ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Published

|

Last Updated

വിയന്ന: ആണവ വിഷയത്തില്‍ ഇറാനും ആറ് ലോക രാജ്യങ്ങളും ചര്‍ച്ച തുടരുന്നു. പ്രശ്‌നപരിഹാരത്തിന് നാല് ദിവസം ബാക്കി നില്‍ക്കെയാണ് ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ടാണ് പ്രധാന ചര്‍ച്ച. ഇതിന് പുറമെ പാശ്ചാത്യരാജ്യങ്ങള്‍ ഇറാനെതിരെ നടപ്പിലാക്കിയ ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കുന്നുണ്ട്. ഇറാനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആണവ പരീക്ഷണങ്ങളെ സംബന്ധിച്ച് ആ രാജ്യം ഇനിയും കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ ആണവോര്‍ജ ഏജന്‍സി ഐ എ ഇ എ പറഞ്ഞു.
എന്നാല്‍ എല്ലാ ആരോപണങ്ങളെയും ഇറാന്‍ തള്ളിക്കളഞ്ഞു. തങ്ങളുടെ ആണവ പദ്ധതികള്‍ ആറ്റംബോംബ് നിര്‍മാണത്തിനല്ലെന്നും മറിച്ച് രാജ്യത്തിന്റെ വൈദ്യുതി ലക്ഷ്യം വെച്ചാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യന്‍ രാജ്യങ്ങളുടെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്ത് രംഗത്തുവന്ന ആളായിരുന്നു മുന്‍ പ്രസിഡന്റ് അഹ്മദ് നജാദ്. ഇദ്ദേഹം ഭരണത്തിലിരിന്നിരുന്ന സമയത്തും അമേരിക്ക ഇറാന് എതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആണവ പരിപാടികളുമായി മുന്നോട്ടു പോകുന്നതില്‍ നിന്ന് നജാദിനെ ഇത്തരം ഉപരോധങ്ങള്‍ പിന്നോട്ട് വലിച്ചില്ല.
ഇറാന് പുറമെ അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

Latest