Connect with us

Editorial

വിഷം തിന്നുന്ന കേരളം

Published

|

Last Updated

വിഷലിപ്തമായ പച്ചക്കറികളില്‍ നിന്ന് കേരളീയരെ രക്ഷിക്കുന്നതിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ അതോറിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചിരിക്കയാണ് സര്‍ക്കാര്‍. പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച ബോധവത്കരണം, പച്ചക്കറികളുടെ ഗുണനിലവാര പരിശോധന തുടങ്ങിയ പദ്ധതികളും ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം ആസൂത്രണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ പച്ചക്കറി സ്വയംപര്യാപ്തമാക്കി മാറ്റാന്‍ പലവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പച്ചക്കറിക്ക് തമിഴ്‌നാട്, കര്‍ണാടക തുടങ്ങി അന്യസംസ്ഥാനങ്ങളെയാണ് മലയാളി ആശ്രയിക്കുന്നത്. കേരളത്തിന് 25 ലക്ഷം ടണ്‍ പച്ചക്കറി ആവശ്യമുള്ളപ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് കേവലം അഞ്ച് ലക്ഷം ടണ്‍ മാത്രമാണ്. ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പ്രതിവര്‍ഷം ആയിരം കോടി രൂപയോളം പച്ചക്കറിക്കായി കേരളീയര്‍ ചെലവഴിക്കുന്നുണ്ട്. പകരം അവര്‍ നല്‍കുന്നത് മാരക വിഷം കലര്‍ന്ന പച്ചക്കറിയും. ചീര, പുതിന, കറിവേപ്പില, കാരറ്റ്, പച്ചമുളക്, വഴുതന, മല്ലിയില, വെള്ളരി, വെണ്ടക്ക തുടങ്ങി മലയാളി ഭക്ഷിക്കുന്ന പല പച്ചക്കറി ഇനങ്ങളിലും വന്‍തോതില്‍ വിഷം അടങ്ങിയതായി വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതാണ്. തമിഴ്‌നാട്ടിലെ തോട്ടങ്ങളില്‍ വിത്ത് തയാറാക്കുന്നത് മുതല്‍ വിളവെടുപ്പ് വരെ പല തവണകളായി പച്ചക്കറികളില്‍ മാരകമായ വിഷം തളിക്കുന്നുണ്ട്. അവിടെ കൃഷിക്കുള്ള ചെലവിന്റെ മുപ്പതു ശതമാനവും കീടനാശിനികള്‍ വാങ്ങാനാണത്രെ വിനിയോഗിക്കുന്നത്. ഉത്പാദനഘട്ടങ്ങളില്‍ മാത്രമല്ല അവ കേടുകൂടാതെ സൂക്ഷിക്കുന്നതിനും നിറവും മണവും രുചിയും വര്‍ധിപ്പിക്കുന്നതിനുമായി വിപണന ഘട്ടങ്ങളിലും പലപ്പോഴായി പ്രയോഗിക്കുന്നുണ്ട്, ഗുരുതര പ്രത്യാഘാതമുളവാക്കുന്ന രാസവസ്തുക്കള്‍. ഇവയുടെ നിരന്തര ഉപയോഗം ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാസര്‍ക്കോട്ടെ കശുവണ്ടിത്തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്റെ മാരക ഫലങ്ങള്‍ നാം കണ്ടറിഞ്ഞതാണ്. അതിനേക്കാള്‍ കടുപ്പമേറിയ കീടനാശിനികളാണ് തമിഴര്‍ കേരളീയര്‍ക്ക് വേണ്ടി വളര്‍ത്തുന്ന പച്ചക്കറികളില്‍ തളിക്കുന്നത്. ഈ സാഹചര്യത്തില്‍ വിഷമുക്തമായ പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാറിന്റെ നീക്കം സ്വാഗതാര്‍ഹമാണ്.
എന്നാല്‍, സംസ്ഥാനത്തെത്തുന്ന പച്ചക്കറികള്‍ പരിശോധനക്ക് വിധേയമാക്കാനുള്ള തീരുമാനം എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം. സംസ്ഥാനത്ത് കീടനാശിനി സാന്നിധ്യം പരിശോധിക്കുന്നതിന് മതിയായ സൗകര്യവും നിലവാരവുമുള്ള ലബോറട്ടറി തിരുവനന്തപുരത്തെ വെള്ളായണി കാര്‍ഷിക കോളജില്‍ മാത്രമാണുള്ളത്. മറ്റു ജില്ലകളിലോ ചെക്ക് പോസ്റ്റുകളിലോ മതിയായ സംവിധാനമില്ല. കാര്‍ഷിക സര്‍വകലാശാലയില്‍ പരിശോധനക്കായി സാമ്പിള്‍ അയച്ചാല്‍ ഫലം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കുകയും വേണം. പച്ചക്കറികള്‍ അത്രയും കാലം വില്‍ക്കാതെ വെച്ചുകൊണ്ടിരിക്കാനാകില്ല. വില്‍പനക്കായി ശേഖരിക്കുന്നിടത്തോ, വിളവെടുക്കാനായ പച്ചക്കറികള്‍ തോട്ടങ്ങളില്‍ വെച്ചോ പരിശോധന നടത്തുകയാണ് ഉന്നതതല യോഗം ആവിഷ്‌കരിച്ച മറ്റൊരു മാര്‍ഗം. അയല്‍ സംസ്ഥാനങ്ങളില്‍ ചെന്നുള്ള ഇത്തരം പരിശോധന അത്ര സുഗമമല്ല.
സംസ്ഥാനത്ത് പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. പച്ചക്കറിയുള്‍പ്പെടെ മിക്ക കാര്‍ഷിക വിളകള്‍ക്കും അനുയോജ്യമാണ് കേരളത്തിന്റെ മണ്ണ്. നനയ്ക്കാനുള്ള ജലവും മറ്റു ഭൗതിക സാഹചര്യങ്ങളും സംസ്ഥാനത്ത് യഥേഷ്ടമുണ്ട്. ഫലഭൂയിഷ്ഠമായ കേരളത്തിലെ അടുക്കളത്തോട്ടങ്ങള്‍ പച്ചക്കറിക്ക് കൂടുതല്‍ അനുയോജ്യവുമാണ്. വേണമെങ്കില്‍ പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളിലും മികച്ച വിളവെടുപ്പോടെ പച്ചക്കറികള്‍ വിളയിക്കാനാകുമെന്ന് പല കര്‍ഷകരും തെളിയിച്ചുകൊണ്ടിരിക്കുന്നതായി മാധ്യമങ്ങളിലൂടെ നാം അറിയുന്നുമുണ്ട്. വിദ്യാലയങ്ങളിലൂടെയും കുടുംബശ്രീ വഴിയും വിത്ത് വിതരണം ചെയ്ത് പച്ചക്കറി കൃഷി വ്യാപകമാക്കാനുള്ള ്യുശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയയും ചെയ്യുന്നു. എന്നിട്ടും മലയാളികളില്‍ ബഹുഭൂരിഭാഗവും ഈ മേഖലയിലേക്ക് കടന്നു വരാന്‍ മടിക്കുകയും തമിഴന്റെ വിഷലിപ്തമായ പച്ചക്കറികളെ തന്നെ ആശ്രയിക്കുകയുമാണ്. പലവിധ രോഗങ്ങള്‍ക്കടിപ്പെട്ട് അടിക്കടി ആശുപത്രികള്‍ കയറിയിറങ്ങുന്ന മലയാളിയുടെ ആരോഗ്യ ദുരവസ്ഥയുടെ കാരണങ്ങളിലൊന്ന് കാര്‍ഷിക വൃത്തിയോടുള്ള ഈ വിമുഖതയും ഉദാസീനതയുമാണ്. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നോക്കമെന്ന് അധിക്ഷേപിക്കപ്പെടുന്ന തമിഴര്‍ക്ക് പക്ഷേ ഇത്തരം കാര്യങ്ങളില്‍ നമ്മേക്കാള്‍ അവബോധമുണ്ട്. തമിഴകത്തെ കര്‍ഷകര്‍ കേരളീയരെ തീറ്റിക്കാനായി വിഷലിപ്തമായ കൃഷി ഉത്പാദിപ്പിക്കുമ്പോള്‍, സ്വന്തം ആവശ്യത്തിനായി കീടനാശിനി തളിക്കാത്ത ജൈവ പച്ചക്കറികള്‍ വേറെ കൃഷി നടത്തുന്ന വിവരം ഇതിനിെട അവിടം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പച്ചക്കറി കൃഷിയിലേക്ക് മലയാളിയെ ആകര്‍ഷിക്കാനുള്ള ബോധവത്കരണ സംരംഭങ്ങളാണ് സംസ്ഥാനത്ത് ഇന്നാവശ്യം.

Latest