അന്വേഷണം നേരിടും, എന്തും സഹിക്കാന്‍ തയ്യാര്‍: സൂരജ്

Posted on: November 20, 2014 11:27 pm | Last updated: November 20, 2014 at 11:27 pm

sooraj-iasകൊച്ചി: വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ എന്തും നേരിടാന്‍ താനും കുടുംബവും തയ്യാറെടുത്തു കഴിഞ്ഞുവെന്ന് പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ താന്‍ ആത്മഹത്യ ചെയ്യില്ലെന്നും തന്നെ ആരും തൂക്കിക്കൊല്ലാന്‍ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്തും സഹിക്കാന്‍ താന്‍ തയ്യാറാണ്. തന്നെ സസ്‌പെന്‍ഡ്‌ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാറാണ്. തന്റെ പക്കല്‍ കള്ളപ്പണമില്ല. എല്ലാറ്റിനും കൃത്യമായ രേഖകളുണ്ട്. തന്റെ മരുമകളുടെ കല്യാണത്തിനായി വെച്ചിരുന്ന പണമാണ് 23 ലക്ഷം രൂപ. ആ പണമാണ് വിജിലന്‍സ് എടുത്തുകൊണ്ടു പോയിരിക്കുന്നത്. ഇപ്പോള്‍ അത്രയും പണം കണ്ടെത്താന്‍ താന്‍ ഓടിനടക്കുകയാണ്. ഇക്കാര്യം താന്‍ വിജിലന്‍സിനോട് പറഞ്ഞിരുന്നു.
നിലവില്‍ ഉണ്ടായിരിക്കുന്ന സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി സൂരജ് പറഞ്ഞു. തനിക്ക് ശത്രുക്കള്‍ കൂടുതലുണ്ട്. ഉന്നത ഉദ്യോഗസ്ഥരാകുമ്പോള്‍ ശത്രുക്കള്‍ കൂടും. കോഴിക്കോട് ജോലി ചെയ്തതിന്‌ശേഷം കുറേയധികം ശത്രുക്കള്‍ തനിക്കുണ്ടെന്നും ടി ഒ സൂരജ് പറഞ്ഞു.
റിലയന്‍സിനെ താന്‍ വഴിവിട്ട് സഹായിച്ചിട്ടില്ല. ഫോര്‍ജി കേബിള്‍ സ്ഥാപിക്കുന്നതിന് റിലയന്‍സിന് അനുമതി നല്‍കിക്കൊണ്ട് ഐ ടി സെക്രട്ടറി ഒരു ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് മുറിക്കാന്‍ അനുമതി തേടിക്കൊണ്ട് റിലയന്‍സ് പി ഡബ്ല്യു ഡിയില്‍ അപേക്ഷ നല്‍കിയിരുന്നു. റോഡ് മുറിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ആ സമയത്ത് വ്യക്തമായ അഞ്ചു പേജുള്ള നിര്‍ദേശങ്ങള്‍ ഇറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ ടി ഡിപ്പാര്‍ട്ട്‌മെന്റ് റിലയന്‍സിന് അനുവദിച്ചിട്ടുള്ള ആ ഓര്‍ഡര്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന നിര്‍ദേശം നല്‍കുകയാണ് താന്‍ ചെയ്തത്. പൊതുമരാമത്ത് മന്ത്രി ആ സമയത്ത് ഉംറക്ക് പോയിരിക്കുകയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അനുവാദം വാങ്ങാന്‍ കഴിഞ്ഞില്ല. അനുവാദം നല്‍കിയത് അദ്ദേഹത്തിന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് പിന്നീട് അദ്ദേഹം മടങ്ങിയെത്തിയതിന് ശേഷം അത് റദ്ദ് ചെയ്തുവെന്നും സൂരജ് പറഞ്ഞു. ആദ്യ ഘട്ടത്തിന് അനുമതി നല്‍കിയിരുന്നല്ലോയെന്ന ചോദ്യത്തിന്; പിന്നീട് അത് ക്യാന്‍സല്‍ ചെയ്തുവെന്നും ഇപ്പോള്‍ അനുമതിയില്ലാതെ ഐ ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ് വെച്ചാണ് അവര്‍ ചെയ്യുന്നതെന്നും ടി ഒ സൂരജ് പറഞ്ഞു.