നിര്‍ധന കുടുംബത്തിന് വെളിച്ചമേകി കെ എസ് ഇ ബി ജീവനക്കാര്‍

Posted on: November 20, 2014 9:40 am | Last updated: November 20, 2014 at 9:40 am

കല്‍പ്പറ്റ: ഓണിവയലില്‍ താല്‍ക്കാലിക കുടിലില്‍ താമസിക്കുന്ന പിലാത്തോട്ടത്തില്‍ ഫാത്തിമയുടെയും കുടുംബത്തിന്റെയും ശോചനീയാവസ്ഥ കണ്ടറിഞ്ഞ കല്‍പ്പറ്റ കെ എസ് ഇ ബി സെക്ഷനോഫീസിലെ ജീവനക്കാര്‍, നാട്ടുകാരുടെ സഹായത്തോടെ നിര്‍മ്മിച്ച പുതിയ വീടിന്റെ വയറിംഗ് നടത്തി സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കി. ദരിദ്ര കുടുംബാംഗമായ ഫാത്തിമ മുഖ്യമന്ത്രിക്ക് സഹായത്തിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സഹായത്തിനുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അതുപ്രകാരം കെ എസ് ഇ ബി ജീവനക്കാര്‍ പരിശോധനക്ക് ചെന്നപ്പോഴാണ് വയറിംഗ് പോലും ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ ആ ദൗത്യം ഏറ്റെടുത്ത് നടത്തുകയായിരുന്നു.
വൈദ്യുതി കണക്ഷന്റെ സ്വിച്ചോണ്‍ കര്‍മ്മം കല്‍പ്പറ്റ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സമിര്‍ രിഫാഇ നിര്‍വഹിച്ചു.
എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശിവദാസന്‍, അസിസ്റ്റന്റ്എഞ്ചിനീയര്‍ എ.പി.അനില്‍കുമാര്‍,ഷൈജു.സി.കെ,ജംഹര്‍.കെ.എം, രാജന്‍.എ.കെ, രാജീവന്‍.പി.എസ്, അജയകുമാര്‍, ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.