നാഷനല്‍ അഗ്രി ഫെസ്റ്റിന് വള്ളിയൂര്‍ക്കാവ് ഒരുങ്ങുന്നു

Posted on: November 20, 2014 9:38 am | Last updated: November 20, 2014 at 9:38 am

മാനന്തവാടി: ‘പ്രകൃതിയിലേക്ക് മടങ്ങൂ, ജൈവ കൃഷിയിലുടെ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന് വള്ളിയൂര്‍ക്കാവ് മൈതാനം ഒരുങ്ങുന്നു.
ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന അഗ്രിഫെസ്റ്റിവല്‍ 10 സെന്റ് ഭൂമിയില്‍ മാതൃക ജൈവ ഗ്രാമവും കാഴ്ചകാര്‍ക്കായി സജ്ജമാക്കുന്നുണ്ട്. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ അനൃ സംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിചയപ്പെടുത്തും. 150 സ്റ്റാളുകളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, പ്രൈവറ്റ് സ്ഥാപനങ്ങളുടെയും പ്രദര്‍ശനശാലകള്‍ ഉണ്ടാവും. കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, നൂതന ഗവേഷണ സാധ്യതകളെക്കുറിച്ച് വിഭൃാര്‍ത്ഥികളുമായി സംവദിക്കുവാന്‍ ഗവേഷണ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ടെക് ഫെസ്റ്റ് ആന്റ് സയന്‍സ് ഫെസ്റ്റ്, പുഷ്പ -ഫല പ്രദര്‍ശനം,പുരാവസ്തു പ്രദര്‍ശനം, അഗ്രി ഫിലിം ഫെസ്റ്റ് ,വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനവും, ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ 8 വരെ പ്രദേശിക കലാകാരന്‍മാരുടെ കലാവിരുന്നും അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് ഉണ്ടാകും.
കാര്‍ഷിക മേളയോടെയാണ് അഗ്രിെഫസ്റ്റിന്റെ സമാപനം. മേളയുടെ പ്രചരണാര്‍ത്ഥം നവംബര്‍ അവസാനവാരം വയനാട് ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും അര്‍ദ്ധദിന സെമിനാറുകളും കാര്‍ഷിക ക്വിസ് മല്‍സരവും നടക്കും. തുടര്‍ന്ന് ഡിസംബര്‍ ആദ്യ ആഴ്ച ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും അര്‍ദ്ധദിന സെമിനാറുകളും ബ്ലോക്ക്തല മല്‍സരങ്ങളും നടക്കും.കൃഷി വകുപ്പിനെ കൂടാതെ മൃഗസംരക്ഷണം, ക്ഷീരവികസനം, ടൂറിസം, വ്യവസായം, വനം, ഫിഷറീസ്, പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, അമ്പലവയല്‍ ആര്‍.എ.ആര്‍.എസ്്, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, കിര്‍ത്താഡ്‌സ്, ടീബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയവയും കൃഷി വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളും, വയനാട് ജില്ലയിലെ ചേംബര്‍ ഓഫ് കോമേഴ്‌സ്, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഓര്‍ഗാനിക് അഗ്രി കണ്‍സോര്‍ഷ്യം, അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, വ്യാപാരി സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. കാര്‍ഷിക പ്രദര്‍ശനം, സെമിനാറുകള്‍, പുഷ്പഫല പ്രദര്‍ശനം, കള്‍ച്ചറല്‍ പ്രോഗ്രാം, ചരിത്ര പുരാവസ്തു പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, ടെക് ഫെസ്റ്റ് ആന്റ് സയന്‍സ് ഫെസ്റ്റ്, കാര്‍ഷിക ഫിലിംഫെസ്റ്റ്, കാര്‍ണിവല്‍, വിപണന മേള, ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്‍, വൃക്ഷത്തൈ വിതരണം, വിത്ത് വിതരണം തുടങ്ങിയവയും മേളയുടെ ഭാഗമായി നടത്തും.