Connect with us

Kozhikode

എക്കല്‍മല കുടിവെള്ള പദ്ധതി ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ്

Published

|

Last Updated

കുറ്റിയാടി: ഇന്ന് നടക്കുന്ന മരുതോങ്കര എക്കല്‍മല കുടിവെള്ള പദ്ധതി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മാണമാരംഭിച്ച പദ്ധതിയുടെ പ്രവൃത്തി മുഴുവന്‍ പൂര്‍ത്തീകരിക്കാത്തതും പദ്ധതി നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതിനാലുമാണ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈനര്‍ ഇറിഗേഷന്‍ ആവശ്യത്തിന് വേണ്ടി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ചതും കാലപ്പഴക്കത്താല്‍ ദ്രവിച്ചതുമായ ടാങ്കിലേക്കാണ് അറ്റകുറ്റപ്പണി നടത്താതെ വെള്ളം പമ്പ് ചെയ്യുന്നത്. 56 കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണം ചെയ്യാന്‍ 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെങ്കിലും ശാശ്വതമായി വെള്ളം കിട്ടുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കില്ല. പദ്ധതി നടത്തിപ്പ് ക്രമക്കേടുകള്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്യാറില്ലെന്നും യു ഡി എഫ് നേതാക്കള്‍ ആരോപിച്ചു. ക്രമക്കേടുകള്‍ക്കെതിരെ സമഗ്രാന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കളായ ശ്രീധരന്‍ മാസ്റ്റര്‍, ടി പി അലി, റോബിറ്റ് പുതുക്കുളങ്ങര, കെ സി സൈനുദ്ദീന്‍ മാസ്റ്റര്‍, ജമാല്‍ കോരങ്കോട്, എന്‍ കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.