വൈവിധ്യങ്ങളുമായി പുരാവസ്തു ശേഖരം

Posted on: November 20, 2014 9:07 am | Last updated: November 20, 2014 at 9:07 am

നിലമ്പൂര്‍: വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രാമ ഫോണ്‍ മുതല്‍ 2014 എല്‍ ഇ ഡി ടോര്‍ച്ച് വരെ മേളയില്‍ ഇടംപിടിച്ചു. ശാസ്ത്രമേളയില്‍ കളക്ഷന്‍ വിഭാഗത്തിലാണ് പുരാതന വസ്തുക്കളുടെ ശേഖരണം ശ്രദ്ധേയമായത്. കാര്‍ഷിക ഉപകരണങ്ങള്‍ വരെയുള്ള സകല സാമഗ്രികളും മേളയില്‍ പ്രദര്‍ശിപ്പിച്ചു.
പുരാതന ടെലിഫോണ്‍, വി സി ആര്‍, റേഡിയോ, ടേപ്പ് റിക്കാര്‍ഡര്‍, ക്യാമറ, എല്‍ ഇ ഡി വിളക്ക്, അന്‍പത് വര്‍ഷം പഴക്കമുള്ള ക്ലോക്ക് തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും നൂറ് വര്‍ഷം പഴക്കമുള്ള ഇഡ്‌ലിയപ്പത്തിന്റെ അച്ച്, കോളാമ്പി, മെതിയടി, അന്‍പതു വര്‍ഷം പഴക്കമുള്ള അടച്ചുറ്റി, ഇരുമ്പു ലിറ്റര്‍ പറ, വിളക്ക് സ്റ്റാന്‍ഡ്, സ്യൂട്ട്‌കെയ്‌സ്, കണ്ണടപ്പെട്ടി, എണ്ണക്കോരി, ആമാടപ്പെട്ടി, മാടമ്പി വിളക്ക് നിലംമ്പറ, ഇടങ്ങഴി, ഉരല്‍, തൊപ്പിക്കുട, റാന്തല്‍, കുണ്ടന്‍മുറം, കട്ടപ്പെട്ടി, കടലത്തട്ട്, വെള്ളിക്കോല്‍, കുന്താണി, ആട്ടുക്കസേര തുടങ്ങി 200 ഓളം വീട്ടുപകരണങ്ങളും കൃഷി ഉപകരണങ്ങളും മേളയില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയിരുന്നു.
ഇത്തവണ ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ ഒരുക്കിയത് ഇ ഒ എല്‍ പി എസ് എടവണ്ണയാണ്. രണ്ട് തവണ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ പ്രാചീന കാലത്തെ നാണയങ്ങളും വിവിധ രാജ്യങ്ങളിലെ കറന്‍സികളും സ്റ്റാമ്പുകളും ഏറെ ശ്രദ്ധയാകര്‍ശിച്ചു. ഖത്തര്‍, സിറിയ, ഇന്ത്വേനേഷ്യ തുടങ്ങിയ പത്തോളം രാജ്യങ്ങളിലെ കറന്‍സികളും മേളയില്‍ ഇടംപിടിച്ചിരുന്നു.