കല്‍പകഞ്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി പി ബാവക്ക് വിട

Posted on: November 20, 2014 8:59 am | Last updated: November 20, 2014 at 8:59 am

കല്‍പകഞ്ചേരി: കഴിഞ്ഞ ദിവസം നിര്യാതനായ കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് തിരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റുമായ ദേവരുപറമ്പില്‍ സൈതാലിക്കുട്ടി എന്ന ടി പി ബാവയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുത്തനത്താണി ജുമുഅ മസ്ജിദില്‍ ഖബറടക്കി.
രാഷ്ട്രീയ മത സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ടി പി ബാവ മൂന്ന് തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2005 വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി അലങ്കരിച്ചു. അതിന്‍ മുമ്പും അംഗമായി സേവനമനുഷ്ഠിച്ചു. ആറാം വാര്‍ഡിനെ പ്രതിനിധീകരിച്ചാണ് ഭരണ സമിതിയിലെത്തുന്നത്. തിങ്കളാഴ്ച വൈകുന്നേരം കല്‍പകഞ്ചേരി കുടിവെള്ള പദ്ധതിക്ക് വേണ്ടി ബാഫഖി യതീംഖാന നല്‍കിയ സ്ഥലത്ത് ടാങ്ക് നിര്‍മാണത്തിനുള്ള സ്ഥലം നിര്‍ണയം കഴിഞ്ഞ് കോട്ടക്കലിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തി മരുന്ന് വാങ്ങുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
മരണ വിവരമറിഞ്ഞ് മന്ത്രിയും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ മത നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് ഇദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിച്ചേര്‍ന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എം എല്‍ എമാരായ അഡ്വ. എം ഉമ്മര്‍, സി മമ്മുട്ടി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, കെ ടി ജലീല്‍, എന്‍ ശംസുദ്ദീന്‍, ബഷീര്‍ മാസ്റ്റര്‍ പറവന്നൂര്‍ വസതി സന്ദര്‍ശിച്ചു.