Connect with us

Gulf

വിഭാഗീയത സൃഷ്ടിക്കാന്‍ ഇസില്‍ ശ്രമമെന്ന് സഊദി

Published

|

Last Updated

റിയാദ്: ഇസില്‍ തീവ്രവാദികള്‍ വിഭാഗീയതക്ക് ശ്രമിക്കുന്നതായി സഊദി അറേബ്യ. അല്‍ഖാഇദയും ഇസില്‍ തീവ്രവാദികളും സഊദി അറേബ്യയില്‍ അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടുത്തെ സാമൂഹിക ഘടനയെ ലക്ഷ്യം വെച്ച അവര്‍ രാജ്യത്തിനുള്ളില്‍ വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നതെന്നും സഊദിയിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സഊദി അറേബ്യക്കുള്ളില്‍ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങളോ ഭീകരപദ്ധതികളോ നടപ്പാക്കുന്നത് തടയാന്‍ വേണ്ടി ഉയര്‍ന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും അതിര്‍ത്തി നിരീക്ഷണവും നടത്തുന്നുണ്ട്. സഊദി അറേബ്യക്കാരായ ചില യുവാക്കള്‍ അല്‍ഖാഇദയുടെ വ്യത്യസ്ത സംഘടനകളില്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇസില്‍ തീവ്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സഊദി പൗരന്‍മാരെ കുറിച്ച് ഇതുവരെയും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സഊദിയുടെ അധികാരത്തില്‍ കണ്ണ് വെച്ച് ഇവിടുത്തെ ചില പൗരന്‍മാരെ തന്നെ ഇസില്‍ തീവ്രവാദികള്‍ ലക്ഷ്യം വെച്ചേക്കാം. അല്‍ഖാഇദ, നുസ്‌റ ഫ്രണ്ട് പോലുള്ള തീവ്രവാദി സംഘടനകളുടെ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണ്. സിറിയയില്‍ യുദ്ധത്തിലേര്‍പ്പെട്ട ഇസില്‍ ഇവിടുത്തെ യുവാക്കളില്‍ സ്വാധീനം ചെലുത്തി രാജ്യത്ത് ആക്രമണം നടത്തിയേക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വിദേശങ്ങളിലെത്തി തീവ്രവാദികളെ സഹായിക്കുന്നവര്‍ക്ക് സഊദി ഭരണകൂടം ദീര്‍ഘകാലത്തെ ജയില്‍ ശിക്ഷയാണ് നല്‍കുന്നത്. അതുപോലെ ഇവരെ പിന്തുണക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. ഇത്തരം പ്രതിരോധങ്ങള്‍ വഴി സഊദി അറേബ്യയില്‍ നിന്നുള്ള തീവ്രവാദികളുടെ എണ്ണത്തില്‍ വന്‍ കുറവ് സംഭവിച്ചെന്നും ആഭ്യന്തര മന്ത്രാലയത്തിലെ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ തുര്‍ക്കി കൂട്ടിച്ചേര്‍ത്തു.