ഇസില്‍ വീഡിയോയില്‍ രണ്ട് ഫ്രഞ്ച് പൗരന്‍മാരുടെ സാന്നിധ്യം ഉറപ്പായി

Posted on: November 20, 2014 5:48 am | Last updated: November 19, 2014 at 10:49 pm

പാരീസ്: അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനെയും സിറിയന്‍ സൈനികരെയും കൊലപ്പെടുത്തുന്ന വീഡിയോയിലുള്ള രണ്ടാമത്തെ ഫ്രഞ്ചുകാരനെയും തിരിച്ചറിഞ്ഞു. പാരീസിന്റെ കിഴക്കന്‍ നഗരപ്രദേശത്ത് നിന്നുള്ള 22 കാരനാണ് ഇയാളെന്ന് ഫ്രഞ്ച് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തിലധികം ഫ്രഞ്ച് പൗരന്‍മാര്‍ ഇസിലിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആസ്‌ത്രേലിയയില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസില്‍ വീഡിയോയില്‍ രണ്ട് ഫ്രഞ്ചുകാര്‍ ഉള്ള കാര്യം ഉറപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. ഇതില്‍ ഒരാളെ പൂര്‍ണമായും തിരിച്ചറിഞ്ഞു. മറ്റൊരാളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഈ രണ്ട് പേരുടെയും ഇസില്‍ സംഘത്തിലെ ദൗത്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
യുവാക്കളെ കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയ ഫ്രഞ്ച് പ്രസിഡന്റ്, യുവാക്കളെ തീവ്രവാദി സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.