Connect with us

International

ഇറാഖില്‍ സ്‌ഫോടനം: ആറ് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ കുര്‍ദ് ഗ്രാമത്തില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കുര്‍ദ് മേഖലയായ ഇര്‍ബിലിലാണ് സ്‌ഫോടനമുണ്ടായത്. ബോംബ് സ്‌ഫോടനത്തിന് മുമ്പ് വെടിവെപ്പുമുണ്ടായി. ഇന്നലെ പകലാണ് ബോംബ് സ്‌ഫോടനം നടന്നത്. സര്‍ക്കാര്‍ ഓഫീസുകളും ഇര്‍ബില്‍ നഗരത്തിലെ ചരിത്ര സ്മാരകമായ കോട്ടയുമാണ് ചാവേര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥന്‍മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 22 പേര്‍ക്ക് പരുക്കേറ്റതായി കുര്‍ദ് ആരോഗ്യ മന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് ഇസിലുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.
ഇറാഖില്‍ ഇസില്‍ തീവ്രവാദികളുടെ ആക്രമണം ശക്തമായ സമയത്ത് കുര്‍ദുകളും സൈന്യവും പലപ്പോഴായി ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ വലിയ പ്രത്യാഘാതങ്ങളൊന്നും ഇര്‍ബിലില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇറാഖില്‍ വിദേശികള്‍ക്ക് സുരക്ഷിതമായ സ്ഥലമെന്ന ഖ്യാതി ഈ എണ്ണ നഗരത്തിനുണ്ട്. ഇസില്‍ ആക്രമണത്തെ തുടര്‍ന്ന് പതിനായിരത്തോളം പേരാണ് ഇവിടെ അഭയാര്‍ഥികളായെത്തിയത്.