ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍ അറസ്റ്റില്‍

Posted on: November 20, 2014 12:10 am | Last updated: November 20, 2014 at 2:56 pm

rampal_650_111714094824

ചണ്ഢിഗഡ്/ബര്‍വാല: ഒളിവില്‍ കഴിഞ്ഞ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ബാബാ രാംപാലിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഹരിയാനാ പോലീസ് ഇന്നലെ ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ആശ്രമത്തില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോലീസ് സംഘം ഇന്നലെ രാത്രി നടത്തിയ അതിവേഗ ഓപറേഷനിലാണ് രാംപാല്‍ പിടിയിലായത്. അനുയായികളുടെ ചെറുത്ത്‌നില്‍പ്പ് മറികടന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.രാംപാലിനെ ഇന്ന് ഹിസാര്‍ കോടതിയില്‍ ഹാജരാക്കും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസും ആശ്രമത്തില്‍ തമ്പടിച്ച അനുയായികളും തമ്മില്‍ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ ആശ്രമം അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി. അതിനിടെ ക്രമസമാധാന പാലനത്തിനായി അഞ്ഞൂറ് അര്‍ധ സൈനികാംഗങ്ങളെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സത്‌ലോക് ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാംപാലിന്റെ സഹോദരന്‍ പുരുഷോത്തം ദാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വധഗൂഢാലോചനയുള്‍പ്പെടെയുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുന്ന രാംപാലിന്റെ അറസ്റ്റ് നടപ്പിലാക്കാനെത്തിയ പോലീസിന് നേരെ ചൊവ്വാഴ്ച അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പോലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനടെയാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. അഞ്ച് സ്ത്രീകളും ഒന്നര വയസ്സുള്ള കുട്ടിയുമാണ് മരണപ്പെട്ടത്. ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട നാല് സ്തീകളുടെ ശരീരത്തില്‍ പകുക്കുകളൊന്നുമില്ലെന്നും മരണ കാരണം അന്വേഷിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റമുള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ പ്രകാരം രാംപാലിനും അനുയായികള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, കുറ്റകൃത്യങ്ങള്‍ക്ക് ഗൂഢാലോചന നടത്തുക, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആയുധങ്ങള്‍ ശേഖരിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. രാംപാലിന്റെ ഏറ്റവും അടുത്ത 20അനുയായികളും അദ്ദേഹത്തിന്റെ സ്വകാര്യ ‘സേന’യിലെ 250 അംഗങ്ങളുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേരെ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നും ഹരിയാന ഡി ജി പി. എസ് എന്‍ വസിഷ്ഠ് ചണ്ഢിഗഡില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആശ്രമത്തിലും പുറത്തുമായി തമ്പടിച്ച 15,000 പേരില്‍ പതിനായിരം പേര്‍ ഇന്നലെ തന്നെ ഒഴിച്ചുമാറ്റിയതായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് കൗശല്‍ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള അയ്യായിരം പേര്‍ മാത്രമാണ് ഇന്നലെ രാത്രിയോടെ ആശ്രമത്തിനകത്തുണ്ടായിരുന്നത്.
12 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ആശ്രമം സുരക്ഷാ സേനാംഗങ്ങള്‍ വളയുകയായിരുന്നു. ആശ്രമത്തിനകത്ത് കഴിയുന്ന മുഴുവന്‍ അനുയായികള്‍ക്കും ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കിയതായി പുറത്ത് വന്നവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് മതചടങ്ങുകളില്‍ പങ്കെടുക്കാനാണ് പോയതെന്നും തങ്ങളെ പുറത്ത് പോകാന്‍ അനുവദിച്ചില്ലെന്നും അവര്‍ അറിയിച്ചു. ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് രാംപാലിന്റെ സഹോദരന്‍ പുരുഷോത്തം ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.