വര്‍ണപകിട്ടോടെ ജില്ലാ ശാസ്ത്രമേളക്ക് തുടക്കം

Posted on: November 19, 2014 12:23 pm | Last updated: November 19, 2014 at 12:23 pm

നിലമ്പൂര്‍: നാല് ദിവസം നീണ്ടു നില്‍ക്കുന്ന മലപ്പുറം ജില്ലാ ശാസ്തമേളക്ക് നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളില്‍ വര്‍ണപകിട്ടോടെ തുടക്കമായി.
നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ശൗക്കത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ തലങ്ങളിലുള്ള കുട്ടികളുടെ ശാസ്ത്രബോധം വളര്‍ത്താന്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ ഇതിനു മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം എം എ റസാഖ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി എം ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഡി ഡി ഇ. ടി കെ ജയന്തി, നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, കെ എ റസാക്ക്, പാലൊളി മെഹബൂബ്, മുജീബ് ദേവശ്ശേരി, കെ സത്യന്‍, പി മുഹമ്മദ്കുട്ടി, വണ്ടൂര്‍ ഡി ഇ ഒ. ടി എം സീതാദേവി സംസാരിച്ചു. രാവിലെ മാനവേദന്‍ സ്‌കൂളില്‍ നിന്നും ചന്തക്കുന്നിലേക്ക് വിദ്യാര്‍ഥികളും എന്‍ സി സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അണി നിരന്നുള്ള ശിങ്കാരമേളത്തോടു കൂടിയുള്ള ഘോഷയാത്രയും അരങ്ങേറി.
നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളിന് പുറമെ നിലമ്പൂര്‍ ലിറ്റില്‍ ഫഌവര്‍ ഇംഗ്ലീഷ് സ്‌കൂള്‍, മജ്മഅ് സ്‌കൂള്‍, ചന്തക്കുന്ന് ഗവ. എല്‍ പി, യു പി സ്‌കൂളുകള്‍ എന്നിവിടങ്ങളിലുമായാണ് മേള നടക്കുന്നത്. മേള നാളെ മേള സമാപിക്കും.