ആസ്‌ത്രേലിയയും ചൈനയും വ്യാപാര കരാറില്‍ ഒപ്പ് വെച്ചു

Posted on: November 19, 2014 1:26 am | Last updated: November 19, 2014 at 1:26 am

കാന്‍ബെറ: ചൈനയും ആസ്‌ത്രേലിയയും സുപ്രധാനമായ വ്യാപാര കരാറില്‍ ഒപ്പ് വെച്ചു. പതിറ്റാണ്ട് നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്. വ്യാപാര കരാറനുസരിച്ച്, ആസ്‌ത്രേലിയയിലെ ക്ഷീര കര്‍ഷകര്‍ക്കും വൈന്‍ വ്യാപാരികള്‍ക്കും കുറച്ച് വര്‍ഷത്തിനുള്ളില്‍ തന്നെ ചൈനയിലെ വന്‍ മാര്‍ക്കറ്റുകളിലേക്ക് താരിഫ്‌രഹിത പ്രവേശം അനുവദിക്കും. ചൈനയും വലിയ നിക്ഷേപ പദ്ധതികള്‍ ഇതുവഴി ലക്ഷ്യം വെക്കുന്നുണ്ട്. ആസ്‌ത്രേലിയയില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് പ്രസിഡന്റാണ് കരാറില്‍ ഒപ്പിട്ടത്. 2015 ഓടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്.
വളരെ അപൂര്‍വമായിട്ടുള്ള നടപടിയായി അദ്ദേഹം കാന്‍ബെറ പാര്‍ലിമെന്റില്‍ പ്രസംഗിക്കുകയും ചെയ്തു. ജി 20 ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം ആസ്‌ത്രേലിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ആസ്‌ത്രേലിയയുമായും മറ്റു രാഷ്ട്രങ്ങളുമായും സമാധാനപൂര്‍ണമായ ഇടപെടലാണ് ചൈന ആഗ്രഹിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.