സിറിയയില്‍ ഇസില്‍ 1,435 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

Posted on: November 19, 2014 1:25 am | Last updated: November 19, 2014 at 1:25 am

ബെയ്‌റൂത്ത്: കഴിഞ്ഞ ജൂണ്‍ മുതല്‍ ഇസില്‍ തീവ്രവാദികള്‍ 1434 പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സിറിയയിലെ മനുഷ്യാവകാശ സംഘടന. ഇതില്‍ 884 പേരും സാധാരണക്കാരായിരുന്നു. ഇസിലിനെതിരെ പോരാടുന്ന അല്‍ ശൈതാത് ഗോത്രത്തില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ക്കെതിരെയും വധശിക്ഷ നടപ്പിലാക്കി. കൂടുതല്‍ പേരെയും തലവെട്ടിയോ വെടിവെച്ചോ ആണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ അഴിമതിയിലും മറ്റു കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടതിന്റെ പേരില്‍ സ്വന്തം സംഘത്തില്‍പ്പെട്ട നാല് പേരെയും തലവെട്ടിക്കൊന്നിട്ടുണ്ട്. സാധാരണക്കാരെ ഭയപ്പെടുത്തുന്നതിന് വേണ്ടി കൊലപ്പെടുത്തിയവരുടെ തലകള്‍ ഇസില്‍ തീവ്രവാദികള്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഈ വര്‍ഷം ജൂണ്‍ 29 മുതലാണ് ഇറാഖില്‍ ഇവര്‍ ഖിലാഫത്ത് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇതിന്റെ തലവനായി അബൂബക്കര്‍ അല്‍ ബഗ്ദാദി എന്ന വ്യക്തിയെയും ഇവര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇറാഖിന് പുറമെ, സിറിയയിലും ഇസില്‍ തീവ്രവാദികള്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഇവര്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം തുടരുകയാണ്.