Connect with us

Malappuram

മാധ്യമങ്ങള്‍ വാര്‍ത്ത സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യണം: കാന്തപുരം

Published

|

Last Updated

മലപ്പുറം: വാര്‍ത്തകളെ മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാ മുഅല്ലിം സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കിയാകണം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
കാര്യങ്ങള്‍ മനസ്സിലാക്കി എഴുതുന്നവരാണ് മിക്ക പത്രക്കാരും. ചില മാധ്യമങ്ങള്‍ വാര്‍ത്തകളെ കാണുന്നത് ചെമ്പോത്തിന്റെ കണ്ണു കൊണ്ടാണ്. അത്തരം പത്രങ്ങളെ കുറിച്ച് നന്നായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞിട്ടില്ല. ഗുജറാത്ത് കലാപം കഴിഞ്ഞ് പോയ സംഭവമാണെന്നും ഇനി അത്തരമൊന്ന് സംഭവിക്കാതിരിക്കാന്‍ നോക്കണമന്നുമാണ് പറഞ്ഞത്.
ഭാവിയില്‍ രാജ്യത്ത് വര്‍ഗീയത ഇല്ലാതെ സൗഹാര്‍ദം പുലരാന്‍ എന്ത് ചെയ്യാനാകുമെന്നാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 85 ശതമാനവും മുസ്‌ലിംകളല്ലാത്തവരാണ്. അവരുടെ കൈകളിലാണ് അധികാരമുള്ളത്. ഭരണഘടന അനുസരിച്ച് അവരെ അംഗീകരിക്കുകയാണ് വേണ്ടത്. നേരെ മറിച്ച് മുസ്‌ലിംകള്‍ 85 ശതമാനമായാല്‍ പോലും മറ്റ് മതസ്ഥരുമായി യുദ്ധം ചെയ്യാനല്ല; സൗഹാര്‍ദത്തോടെ കഴിയണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ അനുസരിക്കുന്നവരാണ് തങ്ങള്‍. ആര് ഭരിച്ചാലും ഇന്ത്യന്‍ ഭരണ ഘടനയും നിയമവും അനുസരിച്ച് ജീവിക്കും. എല്ലാ മതങ്ങളുമായും സൗഹാര്‍ദത്തില്‍ ജിവിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എല്ലാ മതക്കാര്‍ക്കും പ്രവര്‍ത്തിക്കാനും അവരുടെ മതം പ്രചരിപ്പിക്കാനും ഭരണ ഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഭരണത്തില്‍ ദോഷം ചെയ്യുന്ന നയങ്ങളുണ്ടെങ്കില്‍ നിയമത്തിന്റെ അകത്ത് നിന്ന്‌കൊണ്ട് ചോദ്യം ചെയ്യപ്പെടുമെന്നും അങ്ങിനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ അടിച്ചമര്‍ത്തി ഏതെങ്കിലും കക്ഷികളുടെ കൂടെ ചേര്‍ക്കാമെന്നോ അടര്‍ത്തിയെടുക്കാമെന്നോ ആരും കരുതേണ്ടെന്നും കാന്തപുരം പറഞ്ഞു. സമൂഹത്തെ ഹൃദയ ശുദ്ധിയുള്ളവരാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് മുഅല്ലിമുകള്‍ ചെയ്യുന്നതെന്നതിനാല്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ അവര്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി.