Connect with us

Kannur

പ്രഭാകരന്‍ പീഡനങ്ങള്‍ വെളിപ്പെടുത്തി

Published

|

Last Updated

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മാലൂരിലെ തരിപ്പ പ്രഭാകരനെ ഭാര്യ ലുഥിയ നല്‍കിയ സ്വകാര്യ അന്യായത്തില്‍ സാക്ഷിയായി വിസ്തരിച്ചു.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളെ സംബന്ധിച്ച് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിജയകുമാര്‍ മുമ്പാകെ പ്രഭാകരന്‍ വിശദീകരിച്ചു.
കഴിഞ്ഞ സപ്തമ്പര്‍ 18നാണ് മാലൂരിലെ ജോലി സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയതെന്ന് പ്രഭാകരന്‍ മൊഴി നല്‍കി. ചുവന്ന കാറില്‍ ക്യാമ്പ് ഓഫീസില്‍ കൊണ്ടു വന്നു. പിന്നീടായിരുന്നു അസഹനീയമായ പീഡനങ്ങള്‍. തന്റെ തല കാലിനിടയില്‍ വെച്ച് ഡി വൈ എസ് പി സോജന്‍ ഞെരിച്ചു. കൈവിരലുകള്‍ക്കിടയില്‍ മരക്കഷ്ണങ്ങള്‍ തിരുകി വേദനിപ്പിച്ചു. അസഭ്യം പറഞ്ഞു. സുഹൃത്തുക്കള്‍ പലരുടെയും പേര് പറയാന്‍ ഭീഷണിപ്പെടുത്തി. പീഡനവും നിര്‍ബന്ധവും തുടര്‍ന്നപ്പോള്‍ ഏതാനും സുഹൃത്തുക്കളുടെ പേര് പറഞ്ഞിരുന്നു. കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് വാരിയെല്ലിനിടിച്ചു.
സി ഐ ബെന്നി തലക്കും, ഡി വൈ എസ് പി സോജന്‍ ചെവിക്കും അടിച്ചതിനാല്‍ നിലക്കാത്ത തലവേദനയുണ്ടാകുകയും കണ്ണിന് കാഴ്ച ശക്തി കുറഞ്ഞ് വരികയുമാണ്. കൈയാമം വെച്ച് മേശമേല്‍ കുടുക്കി മര്‍ദിച്ചു. ചവിട്ടേറ്റ് മൂത്രതടസ്സം വന്നു. ഡോക്ടറുടെ അടുത്ത് കൊണ്ടുപോയെങ്കിലും പോലീസ് പറഞ്ഞതുപോലെയാണ് ഡോക്ടര്‍ എഴുതിയത്. കോടതിയില്‍ ഒന്നും പറയരുതെന്നും പറഞ്ഞാല്‍ അമ്മയെയും ഭാര്യയെയും കേസില്‍പ്പെടുത്തുമെന്നും ഭീഷണി മുഴക്കി. പ്രഭാകരന്റെ മൊഴിയെ തുടര്‍ന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറെ വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഈ മാസം 27ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ വിസ്തരിക്കും.

Latest