Connect with us

Ongoing News

കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ് ഐ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: കേസ് നടത്തിപ്പിനെന്ന പേരില്‍ പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ് ഐയെ വിജിലന്‍സ് പിടികൂടി. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പ്രതാപന്‍ നായരാണ് പിടിയിലായത്. അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയെന്ന പരുത്തിക്കുഴി സ്വദേശി അജുവിന്റെ പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അജുവില്‍ നിന്ന് പണം വാങ്ങിയ പാച്ചല്ലൂര്‍ സ്വദേശി സുധീരനെതിരെ നെടുമങ്ങാട് കോടതില്‍ നിലവിലുള്ള കേസില്‍ അന്വേഷണ ചുമതല പ്രതാപന്‍ നായര്‍ക്കായിരുന്നു.
കേസ് നടത്തിപ്പിനായി 7,000 രൂപയാണ് ഗ്രേഡ് എസ് ഐ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച 2000 രൂപ പ്രതാപന്‍ നായര്‍ക്ക് നല്‍കിയ ശേഷം വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. വിജലന്‍സ് നിര്‍ദേശിച്ചതനുസരിച്ച് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ഇന്നലെ എസ് ഐക്ക് കൈമാറി. തൊട്ടുപിന്നാലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തിയ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. അജുവില്‍ നിന്ന് വാങ്ങിയ നോട്ടുകള്‍ തൊട്ടടുത്തുള്ള മുറുക്കാന്‍ കടയില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചതായിരുന്നു. നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ വിവിധ കേസുകള്‍ക്ക് എത്തുന്നവരില്‍ നിന്ന് ഇതിനു മുമ്പും പണം വാങ്ങി ഈ കടയില്‍ സൂക്ഷിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് കടയുടമ ചന്ദ്രശേഖരന്‍ നായരെയും വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. റെയ്ഡിന് വിജിലസ് ഡി വൈ എസ് പിമാരായ രാജേന്ദ്രന്‍, അജിത്ത് കുമാര്‍, എസ് ഐമാരായ പ്രശാന്ത്, ബിനുകുമാര്‍, സജികുമാര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----